ന്യൂദല്‍ഹി: ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. സ്ത്രീകള്‍ അവകാശങ്ങള്‍ക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകമാണെന്നും ആശാവര്‍ക്കര്‍മാര്‍ ആത്മാഭിമാനത്തോടെയാണ് പോരാടുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കര്‍ണാടകയിലും തെലങ്കാനയിലും കിട്ടുന്ന പ്രതിഫലത്തേക്കാള്‍ കുറവാണ് കേരളത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് കിട്ടുന്നതെന്നും പ്രിയങ്ക ഗാന്ധി എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ആശാവര്‍ക്കര്‍മാരുടെ സമര പോരാട്ടം വെറുതെയാവില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ വേതനം വര്‍ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നാണ് ആശാ വര്‍ക്കര്‍മാരെന്നും പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ നിസ്വാര്‍ത്ഥമായി സമൂഹങ്ങളെ സേവിക്കുന്നവരാണവരെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ ആദ്യ കാലയളവിലാണ് ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ശൃംഖലയുടെ അവിഭാജ്യ ഘടകമായി ആശാവര്‍ക്കര്‍മാര്‍ മാറിയതെന്നും കൊവിഡ്-19നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ജീവന്‍ പണയപ്പെടുത്തുന്നത് മുതല്‍, ഇന്ത്യയിലുടനീളമുള്ള എണ്ണമറ്റ കുടുംബങ്ങള്‍ക്ക് മാതൃ പരിചരണവും ആരോഗ്യ സേവനങ്ങളും നല്‍കുന്നത് വരെ, ഏറ്റവും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്ക് പോലും ആരോഗ്യ സംരക്ഷണം എത്തിക്കുന്നുവെന്ന് അവര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അവരുടെ പോരാട്ടം അന്തസ്സിനും ബഹുമാനത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നും സമൂഹത്തിന്റെ നട്ടെല്ലായ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ അവരുടെ അവകാശങ്ങള്‍ക്കായി യാചിക്കേണ്ടിവരുന്നത് ഭയാനകമാണെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
നീതിക്ക് പകരം, കേരള സര്‍ക്കാരില്‍ നിന്ന് അവര്‍ക്ക് ലഭിച്ചത് നിസംഗതയും അവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളാണെന്നും കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അചഞ്ചലമായ ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Content Highlight: It is painful that women have to beg for rights; Priyanka Gandhi declared her support for the Asha workers