ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വെള്ളവും വൈദ്യുതിയും നല്‍കേണ്ടത് ജമ്മു കാശ്മീര്‍ സര്‍ക്കാറിന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള.
റോഹിങ്ക്യന്‍ അഭായര്‍ത്ഥികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണെന്നും അവര്‍ കാശ്മീരില്‍ ജീവിക്കുന്ന കാലത്തോളം അവര്‍ക്കുള്ള വെള്ളവും വൈദ്യുതിയും ലഭ്യമാക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ കടമയാണെന്നും അതാണ് തങ്ങള്‍ നിര്‍വഹിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
കഴിഞ്ഞ ദിവസം ജമ്മു നഗരത്തില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരേയും അനധികൃതമായി താമസിപ്പിച്ചിരിക്കുന്നെന്നും ഇവരെല്ലാവരും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്ത് നല്‍കുന്നുണ്ടെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം. കത്വയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് തങ്ങളല്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
കണക്കുകള്‍ പ്രകാരം 13,700 വിദേശികളാണ് ജമ്മു കാശ്മീരില്‍ വിവിധ ജില്ലകളിലായി താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യകളും ബംഗ്ലാദേശികളുമാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2008നും 2016നും ഇടയില്‍ ഇവരുടെ ജനസംഖ്യ 6000ലധികം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 മാര്‍ച്ചില്‍ ജമ്മു നഗരത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 270ലധികം റോഹിങ്ക്യരെ പിടികൂടി കത്വ സബ്ജയിലിലെ പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.
അതേ സമയം ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനെ കുറിച്ചും ഫാറൂഖ് അബ്ദുള്ള സംസാരിച്ചു. ജമ്മു കാശ്മീരില്‍ ഒരു ശക്തി കേന്ദ്രം മാത്രമേ പ്രവര്‍ത്തിക്കൂവെന്നും ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
content highlights: It is our duty to provide water and electricity to Rohingya refugees: Farooq Abdullah