ഗുരു രാജ്യം കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്; ടാബ്ലോ അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹം; മോദിക്ക് കത്തയച്ച് പിണറായി
Kerala News
ഗുരു രാജ്യം കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്; ടാബ്ലോ അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹം; മോദിക്ക് കത്തയച്ച് പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th January 2022, 10:13 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവും തത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ വിഭജനങ്ങള്‍ക്ക് കാരണമായ ജാതിചിന്തകള്‍ക്കും അനാചാരങ്ങള്‍ക്കും വര്‍ഗീയവാദങ്ങള്‍ക്കുമെതിരെ അദ്ദേഹം പകര്‍ന്ന മാനവികതയുടേയും സാഹോദര്യത്തിന്റേയും ആശയങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ തള്ളിയിരുന്നു. റിപ്പബ്ലിക് ദിന പരേഡിനുള്ള നിശ്ചലദൃശ്യത്തിന് ജടായുപ്പാറയുടെ സ്‌കെച്ചാണ് കേരളം നല്‍കിയത്. ടൂറിസമാണ് പ്രധാന വിഷയമായി നല്‍കിയത്.

രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തില്‍ ആദ്യത്തെ കവാടത്തിന്റെ മാതൃകയാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ജടായുവിന്റെ മുറിഞ്ഞ ചിറകിന്റെ മാതൃകയാണ് കവാടത്തിന്.

സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കാനുള്ള സന്ദേശം കൂടി ഇതിലുണ്ടെന്ന വിശദീകരണവും നല്‍കി. എന്നാല്‍ അത്തരമൊരു വിഷയം ഉള്‍പ്പെടുത്താനാവില്ലെന്ന് കേന്ദ്ര സമിതി വ്യക്തമാക്കി.

പകരം ആദ്യ ഭാഗത്ത് ആദി ശങ്കരാചാര്യരുടെ പ്രതിമ ആയിക്കൂടേ എന്നും ചോദിച്ചു. ശ്രീനാരായണ ഗുരുവിനെ ഉള്‍പ്പെടുത്താം എന്ന് കേരളം പ്രതികരിച്ചു. ആദ്യ സ്‌കെച്ച് മാറ്റി ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ചേര്‍ത്ത് മറ്റൊരു മാതൃക കേരളം നല്‍കി. മുന്നിലെ ട്രാക്ടറില്‍ ശിവഗിരിക്കുന്നും ശ്രീനാരായണ ഗുരുവും, പിന്നിലെ ട്രോളിയില്‍ ജടായുപ്പാറ. ഇതായിരുന്നു ഒടുവില്‍ നല്‍കിയ മാതൃക. ഇതംഗീകരിക്കാം എന്ന സൂചന സമിതി നല്‍കിയിരുന്നു. എന്നാല്‍ അവസാന പന്ത്രണ്ട് സംസ്ഥാനങ്ങളുടെ പട്ടിക വന്നപ്പോള്‍ കേരളം ഇല്ല.

മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഢ് എന്നിവയാണ് പട്ടികയിലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍. കഴിഞ്ഞ വര്‍ഷം കയര്‍ വിഷയമാക്കിയുള്ള കേരളത്തിന്റെ നിശ്ചലദൃശ്യം പരേഡിലുണ്ടായിരുന്നു.