ചെന്നൈ: തമിഴ്‌നാട് വിഭജിക്കണമെന്നത് ബി.ജെ.പി. നിലപാട് അല്ലെന്ന് തമിഴ്‌നാട് ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ. നാഗരാജന്‍. തമിഴ്‌നാട് രണ്ടായി വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന വാദത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മുന്‍ നിലപാട് മാറ്റി ബി.ജെ.പി. രംഗത്ത് എത്തിയത്.
തമിഴ്‌നാട് വിഭജിക്കണമെന്നുള്ള പദ്ധതികളൊന്നും ബി.ജെ.പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തമിഴ്നാടിനെ വിഭജിക്കേണ്ടത് ആവശ്യമാണെന്ന് നാഗരാജന്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നിലപാട് മാറ്റി അദ്ദേഹം രംഗത്ത് എത്തിയത്. നാഗരാജന്റെ പരാമര്‍ശം തള്ളി ബി.ജെ.പി. ട്രഷറര്‍ എസ്.ആര്‍. ശേഖര്‍ രംഗത്ത് എത്തിയിരുന്നു. ഇത്തരമൊരു നിര്‍ദേശങ്ങളൊന്നും ബി.ജെ.പിക്ക് ഇപ്പോള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ ഇക്കാര്യം മുന്നോട്ട് വെച്ച് ബി.ജെ.പി. അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് കൊങ്കുനാട് എന്നാവശ്യം ട്രെന്റിംഗ് ആക്കിയിരുന്നു. തമിഴ്നാട്ടിലെ പടിഞ്ഞാറന്‍ ജില്ലകളെയാണ് കോങ്കുനാട് എന്ന് വിളിക്കുന്നത്.
കൊങ്കുനാട് രൂപികരിക്കാനുള്ള നീക്കം നടക്കുന്നെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉണ്ടായത്. കൊങ്കുനാട് എന്ന പേരില്‍ തമിഴ്നാട് വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കാന്‍ നീക്കം നടക്കുന്നതായി തമിഴ്നാട്ടിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഡി.എം.ഡി.കെ. ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഈറോഡിലെ മുതിര്‍ന്ന അണ്ണാ ഡി.എം.കെ. നേതാവും മുന്‍ മന്ത്രിയുമായിരുന്ന തോപ്പ് വെങ്കടാചലം ഡി.എം.കെയില്‍ ചേരുകയും ചെയ്തിരുന്നു.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി എന്നിവ ഉള്‍പ്പെടുന്നതാണ് കൊങ്കുമേഖല. തമിഴ്നാട് ബി.ജെ.പി. അധ്യക്ഷനായ എല്‍. മുരുകന്‍ കേന്ദ്രസഹമന്ത്രിയായതോടെയാണ് കോങ്കുമേഖല വിഭജിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നത്.