ന്യൂദല്‍ഹി: ഒരു പത്രത്തോട് മാത്രം സര്‍ക്കാര്‍ താത്പര്യം പുലര്‍ത്തുന്നത് ശരിയായ നിലപാടല്ലെന്ന് സുപ്രീംകോടതി. ആന്ധ്രപ്രദേശിലെ സാക്ഷി എന്ന ദിനപത്രത്തിനെതിരെ മറ്റൊരു മാധ്യമസ്ഥാപനമായ ഈനാട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമര്‍ശനം.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ദിനപത്രമാണ് സാക്ഷി. സര്‍ക്കാര്‍ പദ്ധതികളില്‍ സാക്ഷി ദിനപത്രത്തിന് കൂടുതല്‍ സഹായം ലഭ്യമാകുന്നെന്നും തങ്ങളെ തഴയുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ഈനാട് കോടതിയെ സമീപിച്ചത്.
സമകാലീന വിഷയങ്ങളെക്കുറിച്ചും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും ഗ്രാമതലത്തിലും വാര്‍ഡ് തലത്തിലുമുള്ള വോളന്റിയര്‍മാര്‍ക്ക് കൂടുതല്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെച്ചു കൊണ്ട്, ഓരോ വോളന്റിയര്‍മാര്‍ക്കും പത്രം വാങ്ങാന്‍ 200 രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ വിവേചനമുണ്ടെന്നാണ് ഈനാട് ആരോപിക്കുന്നത്.
പദ്ധതിയുടെ അടിസ്ഥാനത്തില്‍ 200 രൂപ അനുവദിക്കപ്പെടുമ്പോള്‍ 176.50 രൂപ മാസവരിയുള്ള സാക്ഷി ദിനപത്രത്തിന് അത് ഗുണകരമാകുമെന്നും 207.50 വരിസംഖ്യയുള്ള ഈനാട് ഒഴിവാക്കപ്പെടാന്‍ കാരണമാകുമെന്നുമാണ്, ഈനാട് പ്രസാധകരായ ഉഷോദയ പബ്ലിക്കേഷന്‍സ് പറയുന്നത്.
സാക്ഷി എന്ന പത്രം തന്നെ വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നില്ല എന്നതിനാല്‍ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി ഈനാടിന്റെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പത്രം സുപ്രീംകോടതിയെ സമീപിച്ചത്.
ഒരു പത്രത്തെ സര്‍ക്കാര്‍ പ്രത്യേക താത്പര്യത്തോടെ പരിഗണിക്കുന്നതായി തോന്നാന്‍ പാടില്ലെന്നു പറഞ്ഞ കോടതി, പത്രങ്ങളോട് തുല്യസമീപനമാണ് സ്വീകരിക്കുന്നത് എന്ന കാര്യം എങ്ങനെ ഉറപ്പുവരുത്താനാകുമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു.
വരിസംഖ്യയുടെ പരമാവധി പരിധി ഉയര്‍ത്താമെന്ന് തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാരിനായി ഹാജരായ അഭിഭാഷകനായ വൈദ്യനാഥന്‍ കോടതിയെ അറിയിച്ചു. കേസ് ഏപ്രില്‍ 17ന് വീണ്ടും പരിഗണിക്കും.
Content Highlights: it is not right for the government to be interested in only one newspaper: SC