ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനെറ്റ്. തങ്ങളുടെ ഉത്തരവാദിത്തം അവരെ ജയിപ്പിക്കുകയെന്നുള്ളതല്ലെന്നും ആവേശകരമായ പ്രചാരണം നടത്തുകയെന്നതാണെന്നും സുപ്രിയ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
കോണ്‍ഗ്രസ് ഫലഭൂയിഷ്ഠമായ രാഷ്ട്രീയ കോട്ടകള്‍ ഇനിയും തേടുമെന്നും ജയിക്കാന്‍ ശ്രമിക്കുമെന്നും സുപ്രീയ ശ്രീനെറ്റ് പറഞ്ഞു. 15 വര്‍ഷം തുടര്‍ച്ചയായി തങ്ങളുടെ സര്‍ക്കാര്‍ ദല്‍ഹിയില്‍ ഭരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങളുടെ ഉത്തരവാദിത്തം ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കുകയെന്നതല്ല. ഞങ്ങളുടെ ഉത്തരവാദിത്തം ഒരു ആവേശകരമായ പ്രചാരണം സംഘടിപ്പിക്കുകയും ഈ തെരഞ്ഞെടുപ്പില്‍ അല്ലെങ്കില്‍ മറ്റൊരു തെരഞ്ഞെടുപ്പില്‍ കഴിയുന്നത്ര ശക്തമായി മത്സരിക്കുക എന്നതാണ്,’സുപ്രിയ ശ്രീനെറ്റ് പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍ ഗോവയിലും ഹരിയാനയിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും മത്സരിക്കാന്‍ പോയെന്നും ഗോവയിലും ഉത്തരാഖണ്ഡിലും ഞങ്ങളും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിത വ്യത്യാസമാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചതെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേയാണ് സുപ്രിയ ശ്രീനെറ്റിന്റെ പരാമര്‍ശം. വോട്ടെണ്ണല്‍ ആരംഭിച്ച് ഈ സമയം വരെ ബി.ജെ.പി തന്നെയാണ് ലീഡില്‍. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ലീഡുയര്‍ത്താത്ത സാഹചര്യമാണ് നിലവിലേത്.
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 45 സീറ്റില്‍ ബി.ജെ.പിയും 25 സീറ്റുകളില്‍ എ.എ.പിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ചില ഘട്ടങ്ങളില്‍ രണ്ട് സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നെങ്കിലും നിലവില്‍ കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ് ദല്‍ഹിയില്‍ ബി.ജെ.പിക്ക് ലീഡെടുക്കാന്‍ സഹായകമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ സഖ്യത്തിലെ പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസും എ.എ.പിയും മുഴുവന്‍ സീറ്റുകളിലും പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ദല്‍ഹിയിലുണ്ടായത്. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും ബി.എസ്.പിയും ചില ഇടത് പാര്‍ട്ടികളും എന്‍.സി.പിയും ഉള്‍പ്പടെയുള്ള ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളും ചിലയിടങ്ങളില്‍ മത്സരിച്ചത് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി.
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദല്‍ഹിയില്‍ ബി.ജെ.പി. അധികാരത്തിലേക്ക് നടന്നടുക്കുന്നത്. കഴിഞ്ഞ മൂന്ന് ടേമുകളിലും എ.എ.പിയാണ് ദല്‍ഹിയില്‍ അധികാരത്തിലെത്തിയത്. 2020 ആകെയുള്ള 70 സീറ്റില്‍ 62 സീറ്റ് നേടിയാണ് എ.എ.പി. ദല്‍ഹിയില്‍ ഭരണത്തിലെത്തിയത്.
Content Highlight: It is not our responsibility to win the Aam Aadmi; Congress leader in Delhi election results