| Wednesday, 24th August 2022, 7:26 pm

താല്‍പര്യമില്ലെങ്കില്‍ എന്റെ സിനിമ കാണേണ്ട, താര കുടുംബത്തില്‍ ജനിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനല്ല; നെപ്പോട്ടിസത്തില്‍ ആലിയ ഭട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെപ്പോട്ടിസവുമായി ബന്ധപ്പെട്ട് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ആളാണ് ആലിയാ ഭട്ട്. താരകുടുംബത്തില്‍ ജനിക്കുന്നത് തന്റെ നിയന്ത്രണത്തിലല്ലെന്നും അവസരം കിട്ടുന്നത് എളുപ്പമായിരുന്നെങ്കിലും ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നത് തന്റെ കഠിനാധ്വാനത്തിലൂടെയാണെന്നും ആലിയ പറയുന്നു.

എങ്ങനെയാണ് ഈ വിമര്‍ശനങ്ങളെ നേരിടുന്നത് എന്ന മിഡ്‌ഡേ ഇന്ത്യ ചാനലിന്റെ അവതാരകന്റെ ചോദ്യത്തിനാണ് തന്റെ സക്സസിന്റെ കാരണം ഹാര്‍ഡ് വര്‍ക്കാണെന്ന് താരം മറുപടി പറഞ്ഞത്.

‘നിങ്ങള്‍ മനസ്സിലാക്കേണ്ടത് നെപ്പോട്ടിസം എല്ലായിടത്തുമുണ്ട്. സിനിമയിലെ നെപ്പോട്ടിസം മാത്രമെ ഇവിടെ ചര്‍ച്ചയാകുന്നുള്ളു. നിങ്ങളുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് സ്വാധീനമുള്ള ഒരു സ്ഥാനത്തെത്തുന്നതിനെയാണ് നെപ്പോട്ടിസം എന്നത് കൊണ്ട് ഞാന്‍ മനസിലാക്കുന്നത്.

ഞാന്‍ പ്രവിലേജ്ഡായ ഒരു കുടുംബത്തില്‍ നിന്നാണ് വരുന്നത്. കാരണം എന്റെ കുടുംബം സിനിമയുമായി ബന്ധപ്പെട്ട കുടുംബമാണ്. അതുകൊണ്ട് തന്നെ ആളുകള്‍ എന്നെ ആദ്യമേ തിരിച്ചറിയുന്നുമുണ്ടാകാം. പക്ഷെ എന്റെ സിനിമകള്‍ വിജയിക്കണമെങ്കില്‍ ഞാന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുക തന്നെ വേണം. ജനങ്ങളാണ് ഞാന്‍ സക്സസ്ഫുള്‍ ആവണം എന്ന് തീരുമാനിച്ചത്. ഞാന്‍ സക്സസ് ജനങ്ങളില്‍ നിന്നും തട്ടിപ്പറിച്ചെടുത്തതല്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇപ്പോഴുള്ള സ്ഥാനത്തെത്തിയത്,’ ആലിയ പറഞ്ഞു.

ആദ്യമൊക്കെ ഈ രീതിയിലുള്ള വിമര്‍ശനങ്ങള്‍ എന്നെ തളര്‍ത്തിയിരുന്നെന്നും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുമ്പോട്ട് കൊണ്ട് പോകാന്‍ താല്‍പര്യമില്ലെന്നും എന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഗംഗു ഭായി പോലുള്ള എന്റെ നല്ല സിനിമകള്‍ എന്നും താരം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ക്ക് എന്റെ സിനിമകള്‍ കാണാന്‍ താല്‍പര്യമില്ലെങ്കില്‍ കാണണ്ട. അതിലെനിക്ക് ഒന്നും ചെയ്യാനില്ല. എനിക്കെപ്പോഴും ഇതിനെല്ലാം മറുപടി പറയാന്‍ പറ്റില്ല. എവിടെ ജനിക്കണം എന്നുള്ളത് എന്റെ നിയന്ത്രണത്തില്ലല്ലോ? ഇന്ന കുടുംബത്തില്‍ ജനിക്കണമെന്ന് ഞാന്‍ തീരുമാനിക്കുന്നതല്ല. സിനിമയില്‍ എനിക്ക് എളുപ്പത്തില്‍ അവസരം ലഭിച്ചിട്ടുണ്ട്. സമ്മതിക്കുന്നു. എന്നാല്‍ ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്,’ ആലിയ പറഞ്ഞു.

ഡാര്‍ലിങ്സാണ് ഒടുവില്‍ പുറത്ത് വന്ന ആലിയ ഭട്ട് ചിത്രം. നവാഗത സംവിധായകന്‍
ജസ്മീത് കെ. റീന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡാര്‍ലിങ്‌സ്. നെറ്റ്ഫ്ളിക്സില്‍ ഡയറക്ട് റിലാസായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സിനിമ ഇപ്പോളും ട്രെന്‍ഡിങ്ങാണ്. ചിത്രത്തിലെ ആലിയ ഭട്ടിന്റെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

Content Highlight: it is not me who decides to be born in a star family, Alia Bhatt on nepotism

We use cookies to give you the best possible experience. Learn more