കഴിഞ്ഞ ദിവസം റോയല്‍ ലണ്ടണ്‍ കപ്പില്‍ ഇന്ത്യയുടെ യുവ സൂപ്പര്‍താരം പൃഥ്വി ഷാ ഡബിള്‍ സെഞ്ച്വറിയടിച്ചിരുന്നു. നോര്‍ത്താംട്ടണ്‍ഷെയിറിന് വേണ്ടിയായിരുന്നു ഷാ വെടിക്കെട്ട് പ്രകടനം നടത്തിയത്. സോമര്‍സെറ്റായിരുന്നു ഷായുടെ ബാറ്റിന്റെ ചൂടറിഞ്ഞത്.
153 പന്ത് നേരിട്ട് 244 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. 28 ഫോറും 11 സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നു. 2018ല്‍ ഇന്ത്യക്കായി അരങ്ങേറിയെങ്കിലും ഇപ്പോഴും ടീമിലെ സ്ഥിരം അംഗമാകാന്‍ ഈ 23 കാരന് സാധിച്ചില്ല. ഈ ഡബിള്‍ സെഞ്ച്വറി പ്രകടനം അദ്ദേഹത്തിന്റെയും ആരാധകരുടെയും പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന കാര്യം തീര്‍ച്ചയാണ്.
താരത്തിന്റെ ഡബിള്‍ സെഞ്ച്വറി ആസ്വദിച്ച് അഭിനന്ദിച്ച ഒരുപാട് പേരുണ്ടെങ്കിലും അദ്ദേഹത്തെ ബോഡി ഷെയിം ചെയ്തവര്‍ കുറച്ചൊന്നുമല്ല. ഒരു അത്‌ലറ്റ് ഇങ്ങനെയൊന്നുമല്ല ആവേണ്ടതെന്നും 23 വയസില്‍ ഇങ്ങനെയാകാണമെങ്കില്‍ ഇവന്‍ അധിക കാലം ഓടില്ല എന്ന് പറയുന്നവരുമുണ്ട്.
കുറച്ച് തടിച്ച് കഷണ്ടിയുള്ള ഷായെ ഒരുപാടളുകള്‍ ട്രോളുന്നുണ്ട്. 74 വയസായ മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌ക്കറുമായി വരെ ഷായെ ചേര്‍ത്തുവെക്കുന്നവരെ ട്വിറ്ററില്‍ കാണാം.
ആസ്തമ രോഗികള്‍ കഴിക്കുന്ന ടെര്‍ബുറ്റലൈന്‍ എന്ന മരുന്ന് കഴിച്ചാണ് അദ്ദേഹത്തിന് മുടി കൊഴിയലും ബോഡി ഫാറ്റുമുണ്ടായത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ ഡ്രഗിന്റെ അമിത ഉപയോഗം കാരണം അദ്ദേഹത്തെ ഇന്ത്യന്‍ ടീം എട്ട് മാസം വിലക്കിയതുമാണ്.
ഷായെ ട്രോളുന്നവരെക്കാള്‍ കൂടുതല്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുന്നവരെയും ട്വിറ്ററില്‍ കാണാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്.
Content Highlight: It is not good to Body Shame Prithvi Shaw in social media