| Sunday, 10th September 2017, 11:41 am

'മോദി അങ്ങനെ എളുപ്പത്തിലൊന്നും രാജിവെക്കില്ല'; നോട്ട് നിരോധനം പരാജയമായിരുന്നെന്ന് സമ്മതിക്കാനുള്ള ചങ്കൂറ്റമെങ്കിലും കാണിക്കണമെന്ന് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി.ചിദംബരം. നോട്ട് നിരോധന തീരുമാനം വലിയ പരാജയമായിരുന്നെന്ന് സമ്മതിക്കാനുള്ള ധൈര്യം മോദിക്കുണ്ടോയെന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം.

തെറ്റായ ഒരു തീരുമാനമെടുക്കാന്‍ പ്രത്യേകിച്ച ധൈര്യത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാല്‍ എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് പറയാന്‍ ധൈര്യവും ചങ്കൂറ്റവും വേണം. അത്തരമൊരു ചങ്കൂറ്റം പ്രധാനമന്ത്രിക്കുണ്ടോ എന്നാണ് എന്റെ ചോദ്യം- മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Dont Miss നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം


നോട്ട് നിരോധനം ഒരു തെറ്റായ തീരുമാനമായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അത് ഏറ്റുപറയാനുള്ള ധൈര്യം അദ്ദേഹം കാണിക്കണം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ ഇടിവ് വ്യക്തമാക്കിക്കൊണ്ടുള്ള ജി.ഡി.പി ഡാറ്റ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ചിദംബരം രംഗത്തെത്തിയത്. മാത്രമല്ല രാജ്യത്തെ 99 ശതമാനം കറന്‍സികളും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ കണക്കും നോട്ട് നിരോധനം കള്ളപ്പണം തിരിച്ചെത്തിക്കാനാണെന്നുള്ള കേന്ദ്രത്തിന്റെ പ്രചരണങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.
“”ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ധിക്കുമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ എവിടെ ജോലി? സര്‍്ക്കാര്‍ പരാജയം സമ്മതിക്കാന്‍ തയ്യാറാവണം. നൈപുണ്യവികസനമന്ത്രിയെ പുറത്താക്കിയാണ് ഇപ്പോള്‍ പുതിയ മന്ത്രിയെ കൊണ്ടുവന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നാണ് അതിന്റെ അര്‍ത്ഥം തൊഴില്‍മന്ത്രിയെ പുറത്താക്കിയിരിക്കുന്നു. അതിനര്‍ത്ഥം തൊഴില്‍ നയങ്ങള്‍ പരാജയമാണെന്നാണ്. മോശമായ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍മൂലം കഷ്ടപ്പെടുന്നത് ഇവിടുത്തെ യുവാക്കളാണ്. 1.2 കോടി ആളുകള്‍ വര്‍ഷം തോറും തൊഴില്‍ അന്വേഷിച്ചെത്തുന്നു. എന്നാല്‍ മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല “”- ചിദംബരം പറയുന്നു.

ഇത്രയും വലിയ സാമ്പത്തികപ്രതിസന്ധി രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് തൊഴില്‍ മന്ത്രിയേയും നൈപുണ്യവികസന മന്ത്രിയേയും മാറ്റിയത് അവരുടെ നയങ്ങള്‍ പരാജയമായതുകൊണ്ടാണെന്ന് പ്രധാനമന്ത്രി സമ്മതിക്കുന്നതുവരെ പ്രധാനമന്ത്രിയുടെ രാജി അത്ര എളുപ്പത്തില്‍ ആവശ്യപ്പെടാനാവില്ലെന്നായിരുന്നു ചിദംബരത്തിന്റെ മറുപടി.

സമീപകാലത്തുണ്ടായ തെരഞ്ഞടുപ്പുകളില്‍ നോട്ട് നിരോധനം ബി.ജെ.പിക്ക് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വേണം അനുമാനിക്കാനെന്നും ചിദംബരം പറയുന്നു.

We use cookies to give you the best possible experience. Learn more