കൊച്ചി: ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ താഴെയിടാന്‍ സാധിക്കുകയുള്ളൂവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒറ്റക്ക് ബി.ജെ.പിയെ തോല്‍പിക്കാം എന്ന് വിചാരിച്ചാല്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ഡി.വൈ.എഫ്.ഐയുടെ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ജനാധിപത്യം-പ്രതീക്ഷകള്‍- ആശങ്കകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നില്ല. പക്ഷേ ഞങ്ങളാണ് ഇന്ത്യയിലെ ബി.ജെ.പിയെ തോല്‍പിക്കാന്‍ പോകുന്ന പാര്‍ട്ടി എന്ന അഹന്ത വെച്ചാല്‍ കോണ്‍ഗ്രസ് തോറ്റ് തുന്നം പാടും. നേരെ മറിച്ച് ഓരോ സംസ്ഥാനത്തിലും നോക്കണം.
കേരളത്തില്‍ ഈ മുന്നണി തന്നെ അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചോട്ടെ, പ്രശ്നമില്ല. കഴിഞ്ഞ പ്രാവശ്യം നടന്ന അബന്ധമൊന്നും ഇനി നടക്കില്ല.
ആര്‍ക്കാണോ ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ തോല്‍പിക്കാന്‍ സ്വാധീനമുള്ളത് അവരെ കൂടി ഉപയോഗപ്പെടുത്തി കൊണ്ട് എല്ലാവരെയും ചേര്‍ത്ത് സംയുക്ത രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ ഈ 2024ലെ തെരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ട് മാത്രമുള്ള ബി.ജെ.പിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും അനിവാര്യമായ ചുമതല എന്ന രീതിയില്‍ തോല്‍പിക്കാനാകും എന്ന ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്,’ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ എം.എല്‍എമാര്‍ എന്ത് നിലപാടാണെടുക്കുക എന്നതില്‍ തങ്ങളെക്കാള്‍ ഉത്കണ്ഠ കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മാറിമാറി അധികാരത്തില്‍ വരികയും പലപ്പോഴും കാല് വാരി അധികാരത്തെ താഴെയിടുകയും പിന്നീട് ബി.ജെ.പി അധികാരത്തില്‍ വരികയും ചെയ്യുന്ന ചിത്രമാണ് നമ്മള്‍ കണ്ടിട്ടുള്ളത്.
ഇപ്രാവശ്യം അവര്‍ക്ക് സ്വന്തമായി ഭൂരിപക്ഷമുണ്ട്. പക്ഷേ താക്കീതുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സത്യപ്രതിജ്ഞ ചെയ്യപ്പെടുന്ന എം.എല്‍.എമാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതിനെ സംബന്ധിച്ചുള്ള നല്ല ഉത്കണ്ഠ നമ്മളേക്കാള്‍ കൂടുതലുള്ളത് കോണ്‍ഗ്രസ് നേതൃത്വത്തിനാണ്.
ഇപ്പോള്‍ ഞാന്‍ മനസിലാക്കിയത്, 17 ഓളം ഹെലികോപ്റ്റര്‍ ഈ എം.എല്‍.എമാരെയെല്ലാം ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് താമസിപ്പിക്കാന്‍ വേണ്ടി ഒരുക്കിവെച്ചിരിക്കുന്നുവെന്നാണ് വാര്‍ത്തകളുള്ളത്. ഗോവ നമ്മള്‍ കണ്ടതാണല്ലോ, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള എട്ട് പേര്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നു. ഗോവയില്‍ പ്രധാനപ്പെട്ട പ്രബല കക്ഷിയായി കോണ്‍ഗ്രസില്ല.
ഇന്ത്യയില്‍ ബി.ജെ.പിക്ക് ആകെ 38 ശതമാനം വോട്ടാണുള്ളത്. 38 ശതമാനം വോട്ടുള്ള ബി.ജെ.പിക്ക് ഇന്ത്യയില്‍ ഭരണം നേടാനുള്ള സ്വാതന്ത്ര്യം കിട്ടുന്നത് ഒറ്റ കാരണം കൊണ്ടാണ്. അത് ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ വിവിധ പാര്‍ട്ടികളിലെ കൂട്ടുകെട്ട് ബി.ജെ.പി വിരുദ്ധമായ തലത്തില്‍ വരുന്നില്ലെന്നതാണ്. ഇതാണ് പ്രധാന പ്രശ്‌നം.
ഇന്നത്തെ ഇന്ത്യ അഭിമുഖീകരിക്കുന്ന അപകടം മനസിലാക്കി, ജനാധിപത്യം നേരിടുന്ന വെല്ലുവിളി മനസിലാക്കി ഇന്ത്യയിലെ ഒരു പാര്‍ട്ടിക്ക് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ല. അത് കോണ്‍ഗ്രസിനൊന്നും ഒട്ടും സാധിക്കുന്നതല്ല.
കഴിയുന്ന ഒരേ ഒരു കാര്യം ഓരോ യൂണിറ്റായി ഓരോ സംസ്ഥാനത്തിടുക. ബി.ജെ.പിയെ മാറ്റി നിര്‍ത്തി മതനിരപേക്ഷം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളെയും പൊതു സ്ഥാനാര്‍ത്ഥിയായിട്ടോ പാര്‍ട്ടിയുടെ തന്നെ സ്ഥാനാര്‍ത്ഥിയായിട്ടോ നിര്‍ത്തുക. അവിടെ ഐക്യം പൂര്‍ണമാകുമെന്നൊന്നും ഞാന്‍ പറയുന്നില്ല. ഇന്നത്തെ പരിതസ്ഥിതിയില്‍ എല്ലാം ഐക്യപ്പെടുകയെന്നൊന്നും ഞാന്‍ പറയില്ല,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ത്രിപുരയില്‍ സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനും ഒറ്റയ്ക്ക് മത്സരിക്കാനേ സാധിക്കുന്നില്ലെന്നും അവിടെ ധാരണയുണ്ടാക്കിയപ്പോള്‍ ബി.ജെ.പിയുടെ 11 ശതമാനം വോട്ട് കുറക്കാന്‍ പറ്റിയെന്നും അദ്ദേഹം ഉദാഹരണമായി സൂചിപ്പിച്ചു.
content highlight: It is not denied; If the party has the ego of defeating the BJP alone, it will be defeated: M.V. Govindan