Kerala News
വ്യക്തികളുടെ പ്രശ്‌നമല്ല, കോണ്‍ഗ്രസിന്റെ പ്രശ്‌നം; ജിതിന്‍ പ്രസാദിന്റെ ബി.ജെ.പി പ്രവേശനത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 09, 02:27 pm
Wednesday, 9th June 2021, 7:57 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവായിരുന്ന ജിതിന്‍ പ്രസാദ് ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.

ജിതിന്‍ പ്രസാദിന്റെ ബി.ജെ.പിയിലേക്കുള്ള പോക്ക്, വ്യക്തികളുടെ പ്രശ്‌നം അല്ലെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന്റെ പരിമിതിയാണെന്നും എം.എ. ബേബി പറഞ്ഞു.

ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിനുള്ള ആകെ ഉള്ള വ്യത്യാസം വര്‍ഗീയ പാര്‍ട്ടി അല്ലയെന്നതുമാത്രമാണെന്നും ബി.ജെ.പിയുടെ മറ്റു രാഷ്ട്രീയ, സാമ്പത്തിക നയങ്ങളോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ വരുന്ന ഫ്യൂഡല്‍ രാഷ്ട്രീയം ഉള്ളവര്‍ ബി.ജെ.പിയിലേക്ക് പോവുന്നത് സ്വാഭാവിക രാഷ്ട്രീയമാറ്റമാണെന്നും എം.എ . ബേബി അഭിപ്രായപ്പെട്ടു.

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണു ബി.ജെ.പി. അംഗത്വം എടുത്തത്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പായി ജിതിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ജനങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയിട്ടാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്നും ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു. ബി.ജെ.പി. അംഗത്വം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചയാളാണ് താനെന്നും വളരെ ആലോചിച്ചതിന് ശേഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ജിതിന്‍ പ്രസാദ കൂട്ടിച്ചേര്‍ത്തു.

ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍ പ്രസാദ പറഞ്ഞത്.

ഒരു പ്രധാന കോണ്‍ഗ്രസ് നേതാവ് ജൂണ്‍ 9ന് ബി.ജെ.പിയില്‍ ചേരുമെന്നു നേരത്തെ പാര്‍ട്ടി വക്താവ് അനില്‍ ബലൂനി ട്വീറ്റ് ചെയ്തിരുന്നു.

20 വര്‍ഷത്തോളമായി ജിതിന്‍ പ്രസാദയ്ക്ക് പാര്‍ട്ടിയുമായുള്ള ഇടച്ചില്‍ രഹസ്യമല്ല. 2019ല്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

നേതൃത്വത്തിനെതിരെ സോണിയാ ഗാന്ധിക്കു കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളില്‍ ജിതിന്‍ പ്രസാദയുമുണ്ടായിരുന്നു.

ഇന്ത്യന്‍ സെകുലര്‍ ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെതിരെയും ജിതിന്‍ പ്രസാദ പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജിതിന്‍ പ്രസാദ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തായിരുന്നു കേന്ദ്രമന്ത്രിയായിരുന്നത്.

എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തലവനായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനാണ്. പശ്ചിമ ബംഗാളിന്റെ ചുമതല ആയിരുന്നു. 2008 മുതല്‍ 2012 വരെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ വിവിധ വകുപ്പുകളുടെ സഹമന്ത്രി ആയിരുന്നു. അന്നത്തെ മന്ത്രി സഭയില്‍ ഏറ്റവും ചെറുപ്പക്കാരനായിരുന്ന ഇദ്ദേഹം രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരന്‍ ആയാണ് അറിയപ്പെടുന്നത്. അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ആളെപ്പിടിക്കാന്‍ ബിജെപി തുടങ്ങി എന്നര്‍ത്ഥം.

വ്യക്തികളുടെ പ്രശ്‌നം അല്ല ഇത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന്റെ പരിമിതിയാണ്. നിങ്ങള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് ആകെ ഉള്ള വ്യത്യാസം വര്‍ഗീയ പാര്‍ട്ടി അല്ല എന്നത് മാത്രമാണ്. ബിജെപിയുടെ മറ്റു രാഷ്ട്രീയ, സാമ്പത്തിക നയങ്ങളോട് നിങ്ങള്‍ക്ക് എതിര്‍പ്പില്ല. അതുകൊണ്ട് മാത്രം കോണ്‍ഗ്രസില്‍ വരുന്ന ഫ്യൂഡല്‍ രാഷ്ട്രീയം ഉള്ളവര്‍ ബിജെപിയിലേക്ക് പോവുന്നത് സ്വാഭാവിക രാഷ്ട്രീയമാറ്റമാണ്.

സി.പി.ഐ.എം. നേതൃത്വത്തില്‍ ഇടതുപക്ഷം സുശക്തമായി നിലകൊള്ളുന്നതുകൊണ്ടുമാത്രം മറ്റു സംസ്ഥാനങ്ങളിലേതു പോലെ കോണ്‍ഗ്രസ്സ് നേതാക്കളെ വ്യാപകമായി വലവീശിപ്പിടിക്കാന്‍ കേരളത്തില്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല എന്നതു മറക്കുന്നില്ല. എന്നിരുന്നാലും പുതിയ ഉന്നതചുമതലകള്‍ കൈവശപ്പെടുത്തിയ ഒരു കോണ്‍ഗ്രസ്സ് നേതാവ് ആത്മഗതമായോ ഭീഷണിയായോ പറഞ്ഞവാക്കുകള്‍ ദൃശ്യമാദ്ധ്യമങ്ങളുടെ പക്കല്‍ ഇപ്പോഴും ഉണ്ടാവും.

‘പലപ്രമുഖ ബി.ജെ.പിനേതാക്കളും എന്നെ ബന്ധപ്പെടുകയും കാണുകയും ചെയ്തിട്ടുണ്ട്. എനിക്ക് ആ പാര്‍ട്ടിയില്‍ ചേരണമെന്നു തോന്നുകയും ഞാന്‍ ചേരുകയും ചെയ്താല്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നം? ‘ ഇന്ന് ആ നേതാവ് പറഞ്ഞത് ഇങ്ങനെയാണ്, ‘എനിക്ക് ബി.ജെ.പിയില്‍ ചേരാന്‍ അഴീക്കോടന്‍ രാഘവന്‍ മന്ദിരത്തില്‍ നിന്നുള്ള എന്‍.ഒ.സി വേണ്ട.’ അതായത്, ബി.ജെ.പിയില്‍ ചേരണമെന്ന് തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും ചേരും, സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് അനുമതി വേണ്ട എന്ന്.
ഈ മനോഭാവവും ചിന്താരീതിയും ഇന്നുള്ള കോണ്‍ഗ്രസ്സിനെ അടിമുടി ഗ്രസിച്ചിരിക്കുന്നു എന്നതാണ് കേന്ദ്രപ്രശ്‌നം.

അതുകൊണ്ടാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ബി.ജെ.പിയും കോണ്‍ഗ്രസ്സും അവരുടെ കൂട്ടാളികളും എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരേ ഒരേ സ്വരത്തില്‍ അപവാദ പ്രചാരണവും സമരാഭാസങ്ങളും സംഘടിപ്പിച്ചത്.
ഈപശ്ചാത്തലത്തില്‍ സ്വാഭാവികമായി ഉയരുന്ന ഒരുചോദ്യമുണ്ട്-

ഈ കോണ്‍ഗ്രസ് എങ്ങനെയാണ് ഇന്ത്യയില്‍ ബി.ജെ.പിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നത്?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

It is not a matter of individuals, it is a matter of Congress; MA Baby criticizes Congress over Jitin Prasad’s BJP entry