കുട്ടികളുടെ നന്മ ലക്ഷ്യമിട്ടുള്ള അധ്യാപകരുടെ ലഘു ശിക്ഷകൾ കുറ്റമല്ല: ഹൈക്കോടതി
Kerala News
കുട്ടികളുടെ നന്മ ലക്ഷ്യമിട്ടുള്ള അധ്യാപകരുടെ ലഘു ശിക്ഷകൾ കുറ്റമല്ല: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2024, 7:51 am

കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക നടപടികളുടെയും ഭാഗമായി അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ പെട്ടെന്നുള്ള കോപത്തിന്റെ പുറത്ത് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിൽ മർദിക്കുന്നത് അധ്യാപകന്റെ അവകാശമായി കരുതാനും അംഗീകരിക്കാനും ആവില്ലെന്നും കോടതി വ്യക്തമാക്കി.

ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെപേരിൽ പെരുമ്പാവൂരിനടുത്ത് തോട്ടുവയിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരേ കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദീന്റെ ഉത്തരവ്.

അച്ചടക്കനടപടികളുടെ ഭാഗമായി ലളിതവും ചെറുതുമായ തിരുത്തൽ നടപടികൾ അധ്യാപകർ സ്വീകരിക്കുമ്പോൾ അത് ബാലനീതി വകുപ്പിന്റെ പരിധിയിൽ കൊണ്ട് വന്നാൽ സ്‌കൂളുകളും സ്ഥാപനങ്ങളും കഷ്ടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ അധ്യാപകൻ പരിധിവിട്ട് ഗുരുതരമായി പരുക്കേൽപ്പിക്കുകയോ ആക്രമിക്കുകയോ ചെയ്താൽ ബാലനീതി വകുപ്പുകൾ ബാധകമാകുമെന്നും കോടതി വ്യക്തമാക്കി.

എട്ടാം ക്ലാസ് വിദ്യാർഥിനിയെ തല്ലിയതിന്റെ പേരിൽ ഇന്ത്യൻ ശിക്ഷാനിയമം, ബാലനീതി നിയമം എന്നിവയുടെ വകുപ്പുകൾ പ്രകാരം കോടനാട് പൊലീസ് സ്റ്റേഷനിൽ 2018 ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരെ സ്കൂളിന്റെ പ്രിൻസിപ്പലും അധ്യാപകനുമായ ജോമിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജിക്കാരനെതിരെയുള്ള അന്തിമ റിപ്പോർട്ടിലെ തുടർ നടപടികളും ഹൈക്കോടതി ഇന്ന് റദ്ദാക്കി. നന്നായി പഠിക്കുന്നതിനെ കുറിച്ചും ഉയർന്ന മാർക്ക് നേടുന്നതിനെക്കുറിച്ചും ജാഗ്രതപ്പെടുത്താനുമാണ് അധ്യാപകൻ ശ്രമിച്ചതെന്ന് കോടതി പറഞ്ഞു. അധ്യാപകർക്ക് സ്വയംനിയന്ത്രണം ആവശ്യമുണ്ടെന്നും കോടതി വിലയിരുത്തി.

Content Highlight: ‘It is not a crime for teachers to punish students with good intentions’; High Court