| Monday, 28th November 2022, 6:33 pm

ജാതിവ്യവസ്ഥ പൂര്‍ണമായും തകര്‍ത്തെറിഞ്ഞാലേ രാജ്യത്ത് പുരോഗതിയുണ്ടാകൂ: മന്ത്രി കെ. രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണ്ണൂല്‍: ജാതിവ്യവസ്ഥ പൂര്‍ണമായും തകര്‍ത്തെറിഞ്ഞാല്‍ മാത്രമേ രാജ്യത്ത് സാമൂഹ്യ വികസനവും പുരോഗതിയും ഉണ്ടാകൂവെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ജാതിവ്യവസ്ഥ തകര്‍ത്തെറിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കുല വിവക്ഷ പോരാട്ട സമിതി ആന്ധ്രാപ്രദേശ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതി ചിന്തകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. മനുസ്മൃതിയുടെ പഴയ കാലത്തിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് സംഘപരിവാറിനാല്‍ നയിക്കപ്പെടുന്ന ബി.ജെ.പി സര്‍ക്കാരിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

‘ശാസ്ത്ര ചിന്തയും യുക്തിബോധവുമില്ലാത്ത തലമുറകളെ സൃഷ്ടിച്ചാല്‍ മാത്രമേ മനുസ്മൃതിയിലേക്ക് എത്താനാകൂ എന്ന് സംഘപരിവാര്‍ കണക്കുകൂട്ടുന്നു. പിന്നാക്കക്കാരും പട്ടികജാതിക്കാരുമായ പുതു തലമുറയുടെ വിദ്യാഭ്യാസ അവസരങ്ങള്‍ നിഷേധിച്ചും പഠന സഹായങ്ങള്‍ വെട്ടിക്കുറച്ചും കേന്ദ്ര സര്‍ക്കാര്‍ ഇതിന് മുന്‍ കൈ എടുക്കുകയാണ്.

പിന്നാക്കക്കാരായ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലുള്ളവരുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കിയത് അടുത്ത ദിവസമാണ്. 2.5 ലക്ഷത്തിനുമേല്‍ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യങ്ങള്‍ നിഷേധിച്ചതും മറ്റൊരു ഉദാഹരണമാണ്,’ കെ. രാധാകൃഷ്ണന്‍ പറഞ്ഞു

വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

സി.പി.ഐ.എം ആന്ധ്രാപ്രദേശ് സംസ്ഥാന സെകട്ടറി വി. ശ്രീനിവാസറാവു, തെലങ്കാന സംസ്ഥാന സെക്രട്ടേറിയേറ്റംഗം ജോണ്‍ ബെന്‍സ്ലി, കുല വിവക്ഷ പോരാട്ട സമിതി സംസ്ഥാന സെക്രട്ടറി മലയാദ്രി എന്നിവര്‍ സംസാരിച്ചു.

Content Highlight: It is necessary to demolish Caste System says K Radhakrishnan

We use cookies to give you the best possible experience. Learn more