കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയതായി സൂചന. സമകാലിക മലയാളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍ ഭാര്യയും അഭിഭാഷകരമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്ളതിനാല്‍ ഫോണ്‍ ഹാജരാക്കാനാവില്ലെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജുവിന്റെ മൊഴിയെടുത്തതെന്നാണ് വിവരം.
എന്നാല്‍ അത്തരത്തില്‍ ഒരുതരത്തിലുള്ള സ്വകാര്യ സംഭാഷണങ്ങളും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നോ രണ്ടോ തവണ സംസാരിച്ചതെന്നും മഞ്ജു വാര്യര്‍ മറുപടി നല്‍കിയതായാണ് വിവരം.
അതേസമയം, ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് നാട്ടിലെത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനക്കായി മുംബൈയിലുള്ളത്. നാല് ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടില്ല.
ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍ നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫോണ്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി ഏതാണെന്ന് കോടതി ചോദിച്ചു. ഫോണ്‍ ഹൈക്കോടതിക്ക് എത്രയും പെട്ടെന്ന് കൈമാറണമെന്നും അന്വേഷണ സംഘത്തില്‍ നിന്ന് ഫോണ്‍ മറച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഏജന്‍സിക്കും ഫോണ്‍ കൈമാറില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഏത് ഏജന്‍സി ഫോണ്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം തീരുമാനിക്കുന്നത് മറ്റൊരു കേസിലും കണ്ടിട്ടില്ലാത്ത കാര്യമാണെന്ന് പ്രോസിക്യൂഷനും തിരിച്ചടിച്ചു.
മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ആദ്യം ഫോണിന്റെ കാര്യത്തില്‍ തീരുമാനമാകട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. സ്വന്തം നിലയ്ക്ക് പ്രതി ഫോണ്‍ പരിശോധനയ്ക്ക് അയച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
Content Highlights: It is learned that the probe team has collected information from Manju Warrier