തിരുവനന്തപുരം: വര്‍ഗീയവിരുദ്ധ പ്രചാരണം പോലും അനുവദിക്കില്ലെന്ന ദാര്‍ഷ്ഠ്യമാണ് ആര്‍.എസ്.എസിനെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം കൊല്ലത്തും കോട്ടയത്തും പൊതുപരിപാടികള്‍ക്കും സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന ആക്രമണങ്ങള്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്തതാണെന്നും കൊടിയേരി പറഞ്ഞു.
കോട്ടയത്ത് ടി.കെ. രാമകൃഷ്ണന്‍ സമാരക പഠന-ഗവേഷണകേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാറില്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സെമിനാറില്‍ പങ്കെടുത്തിരുന്നു.
എസ്.എന്‍.ഡി.പിക്കാരുടെ മറവില്‍ ആര്‍.എസ്.എസുകാരായിരുന്നു വന്നിരുന്നത്. സംഭവത്തെ നിസാരമായി കാണാന്‍ കഴിയില്ല. ശിവഗിരിമഠം ഭരണസമിതിയംഗം സ്വാമി ശുഭാംഗാനന്ദ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന് ആര്‍.എസ്.എസ്സിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്വാമിയെ അവര്‍ നേരത്തെ ഭീഷണിപ്പെടുത്തിയതുമാണ്. അത് സാധിക്കാതെ വന്നപ്പോഴാണ് അക്രമണവുമായി രംഗത്തെത്തിയത്; കൊടിയേരി പറഞ്ഞു.
ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനുള്ള സി.പി.ഐ.എമ്മിന്റെ അവകാശത്തിനുനേരെയുള്ള കടന്നാക്രമണമാണിതെന്നും സി.പി.ഐ.എമ്മിനു നേരെ സംസ്ഥാന വ്യാപകമായി ആര്‍.എസ്.എസുകാര്‍ അഴിച്ചുവിടുന്ന ആക്രമണങ്ങളുടെ ഭാഗം തന്നെയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ടി.കെ. രാമകൃഷ്ണന്‍ സമാരക പഠന-ഗവേഷണകേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാറില്‍ ഒരുകൂട്ടം എസ്.എന്‍.ഡി.പിക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചിരുന്നു. ശ്രീനാരായണ ഗുരുവിനെ “പല ജാതി പല മതം പല ദൈവം” എന്ന ശൂലത്തില്‍ എസ്.എന്‍.ഡി.പിയും വര്‍ഗീയ ശക്തികളും ഒരുമിച്ച് തറയ്ക്കുന്ന വിധം ചിത്രീകരിച്ച നിശ്ചല ദൃശ്യം വിവാദമായിരുന്നു. പ്രസ്തുത നിശ്ചല ദൃശ്യത്തിനെതിരെയുള്ള പ്രതിഷേധം എന്ന പേരിലായിരുന്നു എസ്.എന്‍.ഡി.പിക്കാര്‍ വേദിയിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്.
അവസരം മുതലാക്കി ഈഴവ വോട്ടുകളെ ലക്ഷ്യം വെയ്ക്കുകയാണ് ആര്‍.എസ്.എസ്. അതിന്റെ ഭാഗമാണ് ഇത്തരം ധ്രൂവീകരണ ശ്രമങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.