ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം, രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത് പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.
ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.
115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.
എന്നാൽ ശക്തരായ ഓസീസിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാൻ ഇതിഹാസ താരമായ റമീസ് രാജ.
ഇന്ത്യൻ ടീമിന്റെ സ്പിൻ മികവിനെതിരെ പിടിച്ചു നിൽക്കുക കഷ്ടപ്പാടാണെന്നും, അതിനാൽ തന്നെ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തുക എന്നത് അസംഭവ്യമാണെന്നുമാണ് റമീസ് രാജ അഭിപ്രായപ്പെട്ടിരിക്കുന്നത്.
“ഓസ്ട്രേലിയക്ക് അവർ ചെയ്തിരുന്ന അതേ മാർഗത്തിൽ തന്നെ തിരിച്ചടി കിട്ടുകയാണ്. പെർത്തിലും ബ്രിസ്ബണിലും നടക്കുന്ന മത്സരങ്ങളിൽ ഏഷ്യൻ ടീമുകളെ അവർ മൂന്ന് ദിവസത്തിനുള്ളിൽ തകർക്കുമായിരുന്നു. അത് തന്നെ ഇന്ത്യയിലും അവർക്ക് തിരികെ കിട്ടുന്നു. ഇന്ത്യയിൽ നല്ല ക്രിക്കറ്റ് കളിക്കാൻ ഓസീസ് പ്രാപ്തരായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്,’ റമീസ് രാജ പറഞ്ഞു.
കൂടാതെ അക്സർ പട്ടേലും അശ്വിനും കൂടിച്ചേർന്ന 115 റൺസ് പാർട്ണർഷിപ്പാണ് ഇന്ത്യൻ വിജയത്തിന്റെ ആണിക്കല്ലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡോറിലും അഹമ്മദാബാദിലും വെച്ചാണ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടത്തപ്പെടുന്നത്. പരമ്പര സ്വന്തമാക്കിയാൽ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കും.
ഇനി അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഒന്നെങ്കിലും സമനിലയാക്കാൻ സാധിച്ചാൽ തന്നെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
Content Highlights:It is impossible to beat India said Ramiz Raja