| Sunday, 13th September 2020, 10:50 pm

രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവും; കെ.ടി ജലീല്‍ വിവാദത്തില്‍ പ്രതികരണവുമായി എസ്.വൈ.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി കാന്തപുരം സുന്നി വിഭാഗം യുവജന സംഘടനയായഎസ്.വൈ.എസ്.

കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണെന്നും സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

സ്വര്‍ണക്കടത്തുകേസില്‍ സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സത്യം പുറത്തുവരികയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണമെന്നും എസ്.വൈ.എസ് പറഞ്ഞു. എന്നാല്‍ അതിന് കാത്തിരിക്കാതെ തര്‍ക്കവും വാഗ്വാദവുമുണ്ടാക്കി, സൗഹൃദരാജ്യത്തെപ്പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രാഷ്ട്രീയ, മാധ്യമ വിചാരണകളിലേക്കും വര്‍ഗീയ ധ്രുവീകരണങ്ങളിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നത് ഭൂഷണമല്ലെന്ന് സംഘടന ചൂണ്ടികാട്ടി.

അവധാനതയോടെ വിഷയത്തെ സമീപിക്കാന്‍ ഭരണ- പ്രതിപക്ഷങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം എന്തും വിളിച്ചു പറഞ്ഞും ദുരുപദിഷ്ടമായ ആരോപണങ്ങള്‍ ഉന്നയിച്ചും ചെളിവാരിയെറിഞ്ഞും രംഗം വഷളാക്കുന്നതില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന് കരുത്തുപകരുകയെന്നത് എല്ലാവരും ഓര്‍ക്കണമെന്നും എസ്.വൈ.എസ് പറഞ്ഞു.

വിമര്‍ശങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്താന്‍ ജനാധിപത്യപരമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക തന്നെ വേണം. അതേസമയം, വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും ഇന്ത്യയുടെ സൗഹൃദരാജ്യമായ യു എ ഇയില്‍ നിന്നുള്ള ആവശ്യപ്രകാരം വിശുദ്ധ ഖുര്‍ആനും റമസാന്‍ കിറ്റും വിതരണം ചെയ്തതിന്റെ പേരില്‍ പടച്ചുവിടുന്ന കോലാഹലങ്ങള്‍ രാജ്യതാത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് മാറാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാഗ്രത കാട്ടണമെന്നും എസ്.വൈ.എസ് അഭിപ്രായപ്പെട്ടു.

ഇതിന്റെ മറവില്‍ വല്ല അഴിമതിയും നടന്നിട്ടുണ്ടോ എന്നത് അന്വഷണ ഏജന്‍സികള്‍ കണ്ടെത്തട്ടെയെന്നും അതിന് മുമ്പ് വിധി തീര്‍പ്പ് കല്‍പ്പിച്ചു ജനങ്ങളില്‍ അന്തഃഛിദ്രത ഉണ്ടാക്കരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് തൊഴിലും അന്നവും നല്‍കുന്ന രാജ്യമാണ് യു എ ഇ. അവിടത്തെ ഭരണാധികാരികള്‍ ഇന്ത്യന്‍ സമൂഹത്തോടും മലയാളികളോടും പ്രകടിപ്പിക്കുന്ന സവിശേഷ സ്നേഹവും പരിഗണനയും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. കേരളം പ്രളയത്തില്‍ മുങ്ങിയ നാളുകളില്‍ ആ രാജ്യം നമ്മെ സഹായിക്കാന്‍ താത്പര്യപ്പെട്ടത് മറന്നുകൂടാ. ഇത്തരം സഹായസന്നദ്ധത കൂടി ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്നത് ഖേദകരമാണെന്നും എസ്.വൈ.എസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: it is immature and dangerous to drag religion and QURAN, SYS BACK KT JALEEL

Latest Stories

We use cookies to give you the best possible experience. Learn more