| Sunday, 21st May 2023, 9:58 pm

നാഗ്പൂരില്‍ നിന്നും ദല്‍ഹിയില്‍ നിന്നും ഓരോ വിസിലും കൂടി കിട്ടിയാല്‍ മതി; ചെയ്യേണ്ടതെന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം: ചാനല്‍ ചര്‍ച്ചയില്‍ കാസ പ്രതിനിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ രക്തസാക്ഷികളെ അവഹേളിക്കുന്ന പരാമര്‍ശത്തെ അനുകൂലിച്ച് കാസ പ്രതിനിധി പ്രൊഫ. സ്റ്റാന്‍ലി സെബാസ്റ്റ്യന്‍. പാംപ്ലാനി എന്ത് പറയണമെന്ന് കത്തോലിക്കാ സഭ തീരുമാനിക്കുമെന്നും അദ്ദേഹത്തിന്റെ ഡ്യൂട്ടി അദ്ദേഹം കൃത്യമായി ചെയ്യുന്നുണ്ടെന്നും സ്റ്റാന്‍ലി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് തങ്ങള്‍ അനുസരിക്കുമെന്നും ഇനി നാഗ്പൂരില്‍ നിന്നും ദല്‍ഹിയില്‍ നിന്നും ഓരോ വിസിലും കൂടി കിട്ടിയാല്‍ മതിയെന്നും ചെയ്യേണ്ടതെന്താണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘പാംപ്ലാനി എന്ത് പറയണം, എങ്ങനെ സംസാരിക്കണമെന്ന് കത്തോലിക്കാ സഭ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ത്യന്‍ നിയമത്തിന് വിധേയമായാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.

ഞങ്ങളുടെ കുഞ്ഞുങ്ങളെ, ആണ്‍മക്കളെയും പെണ്‍മക്കളെയും രാഷ്ട്രീയത്തിന്റെ പേരിലായാലും, ലവ് ജിഹാദിന്റെ പേരിലായാലും, നാര്‍ക്കോട്ടിക്ക് ജിഹാദിന്റെ പേരിലായാലും വേറൊരാള്‍ എടുത്ത് ഉപയോഗിക്കുന്ന് തടയാന്‍ വേണ്ടി തന്നെയാണ് എല്ലാ മെത്രാനച്ഛന്‍മാരെയും സഭ നിയോഗിച്ചിരിക്കുന്നത്. അതേ പോലെ അദ്ദേഹത്തിന്റെ ഡ്യൂട്ടി പാംപ്ലാനി കൃത്യമായി ചെയ്യുന്നുണ്ട്,’ സ്റ്റാന്‍ലി പറഞ്ഞു.

അതേസമയം ലവ് ജിഹാദ് എവിടെയാണെന്ന അവതാരകന്‍ അബ്ജോത് വര്‍ഗീസിന്റെ ചോദ്യത്തിന് കേരള സ്‌റ്റോറി 10 പ്രാവശ്യം കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

സഭയ്ക്ക് ഇന്ത്യാ ഗവണ്‍മെന്റിന് വിധേയമായ അധികാരമുണ്ടെന്നും തങ്ങളുടെ കുഞ്ഞുങ്ങളെ വെട്ടാനും കുത്താനും വിടാന്‍ പിതാവും തങ്ങളും ഉദ്ദേശിക്കുന്നില്ലെന്നും സ്റ്റാന്‍ലി പറഞ്ഞു.

‘ഞങ്ങള്‍ എന്ത് രാഷ്ട്രീയം സ്വീകരിക്കണമെന്ന് ഞങ്ങളുടെ ബിഷപ്പ് പറയും, ഞങ്ങള്‍ ചെയ്യും. സൗകര്യമുള്ളത് ഞങ്ങള്‍ ചെയ്യും. ഇന്ത്യന്‍ സര്‍ക്കാരാണ് പറയേണ്ടത് ഞങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന്. പള്ളിയില്‍ എന്ത് പറയാം, പിള്ളേരെ എന്ത് പഠിപ്പിക്കണമെന്ന് ബിഷപ്പാണ് പഠിപ്പിക്കേണ്ടത്.

പാംപ്ലാനിയുടേത് പ്രവാചക ദൗത്യമാണ്. കൃത്യമായ ദൗത്യമാണ് അദ്ദേഹം ചെയ്യുന്നത്. ക്രിസ്ത്യാനികളെ മുന്നില്‍ നിര്‍ത്തി ക്രിസ്ത്യാനിക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഉണ്ട തിന്നാന്‍ താല്‍പര്യമില്ല. ക്രിസ്ത്യാനി ഇന്ത്യന്‍ സൈന്യത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും കൂടെയാണ്. അത് 1957ല്‍ കൃത്യമായി കാണിച്ച് കൊടുത്തതാണ് ഞങ്ങള്‍ എവിടെയാണെന്ന്. 59ല്‍ ഞങ്ങള്‍ അതില്‍ ജയിക്കുകയും ചെയ്തു.

ഇനി നാഗ്പൂരില്‍ നിന്നും ദല്‍ഹിയില്‍ നിന്നും ഓരോ വിസിലും കൂടി കിട്ടിയാല്‍ മതി. ചെയ്യേണ്ടതെന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ അതിന് റെഡിയാണ്. കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞാല്‍ ഞങ്ങള്‍ റെഡിയാണ്,’ അദ്ദേഹം പറഞ്ഞു.

പാംപ്ലാനിയുടെ കണ്ണിലെ രാഷ്ട്രീയമെന്ത് എന്ന ചര്‍ച്ചയില്‍ എ.എം.ടി പ്രതിനിധി ഷൈജു ആന്റണി, സി.പി.ഐ.എം പ്രതിനിധി ഷിജു ഖാന്‍, മാധ്യമപ്രവര്‍ത്തകന്‍ ശ്രീകുമാര്‍ മനയില്‍, രാഷ്ട്രീയ നിരീക്ഷകന്‍ പ്രമോദ് പുഴങ്കര എന്നിവരാണ് പങ്കെടുത്ത മറ്റുള്ളവര്‍.

content highlight: It is enough to get one more whistle from Nagpur and Delhi; We know what needs to be done: CASA representative in channel discussion

Latest Stories

We use cookies to give you the best possible experience. Learn more