| Wednesday, 5th February 2020, 7:55 am

ബി.ജെ.പി നേതാക്കളുടെ മുഖം രക്ഷിക്കാന്‍ ശ്രമിച്ച് മനോജ് തിവാരി; 'കെജ്‌രിവാളിനെതിരേയുള്ള ആരോപണത്തില്‍ വാദപ്രതിവാദമാവാം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ തീവ്രവാദിയാണെന്ന ആരോപണത്തില്‍ ചര്‍ച്ചയാവാമെന്ന് ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി.

ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി എം.പി പര്‍വേഷ് വര്‍മയുടെ പ്രസ്താവനക്ക് പിന്നാലെയാണ് മനോജ് തിവാരി വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയത്.

കെജ്‌രിവാളിനെ പോലുള്ള തീവ്രവാദികള്‍ രാജ്യത്ത് ഒളിച്ചിരിക്കുന്നുണ്ട് എന്നായിരുന്നു പര്‍വേഷ് വര്‍മയുടെ പ്രസ്താവന. പിന്നാലെ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറും രംഗത്തെത്തിയിരുന്നു. കെജ്‌രിവാള്‍ അവരെ സ്വയം വിളിക്കുന്നത് ഒരു അനാര്‍ക്കിസ്റ്റാണെന്നും എന്നാല്‍ ഒരു അനാര്‍ക്കിസ്റ്റും തീവ്രവാദിയും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നുമായിരുന്നുപ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞത്.

എന്നാല്‍ ബി.ജെ.പി നേതാക്കളുടെ ഈ പ്രസ്താവനകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മനോജ് തിവാരി. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രകാശ് ജാവ്‌ദേക്കര്‍ അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിട്ടില്ല. ആരും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിച്ചിട്ടില്ല. അവര്‍ അത്തരത്തില്‍ കാര്യങ്ങള്‍ സൃഷ്ടിക്കുകയാണ്. കെജ്‌രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിട്ടില്ല. അദ്ദേഹം തന്നെ അങ്ങനെ സ്വയം വിളിക്കുകയാണ്.’ മനോജ്തിവാരി പറഞ്ഞു.

അരവിന്ദ് കെജ്‌രിവാള്‍ ഒരു തീവ്രവാദിയാണോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നായിരുന്നു മനോജ് തിവാരിയുടെ പ്രതികരണം.

‘ വിഷയത്തില്‍ ഒരു വാദപ്രതിവാദം നടത്താം. രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളെ അദ്ദേഹം പിന്തുണക്കുന്നു.മുദ്രാവാക്യം വിളിക്കുന്നവരുടെ സംരക്ഷകനായി അദ്ദേഹം മാറുകയാണ്.’ മനോജ് തിവാരി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more