തിരുവനന്തപുരം: മത തീവ്രവാദത്തിന്റേതല്ല, മതനിരപേക്ഷതയുടെ കേന്ദ്രമാണ് കേരളമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് മതനിരപേക്ഷ കേരളത്തെ മതതീവ്രവാദ കേന്ദ്രമാക്കി മാറ്റി തീര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണംമത വര്‍ഗീയതയും മത തീവ്രവാദവും ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തെ മാത്രം ബന്ധപ്പെടുത്തേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാം സമം തീവ്രവാദം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പുള്ള പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐയെന്നും ഇസ്ലാമോഫോബിയയുടെ ഇന്ത്യയിലെ പ്രചാരകരായ സംഘപരിവാറാണ് കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രഏജന്‍സികള്‍ ഇസ്ലാം എന്നാല്‍ തീവ്രവാദികളാണെന്ന കേന്ദ്രസര്‍ക്കാറിന്റെ ആശയ പ്രചാരണത്തിന്റെ സ്വാധീനത്തില്‍ വിഴാതിരിക്കേണ്ടതുണ്ടെന്നും റിയാസ് പറഞ്ഞു. കൊച്ചിയില്‍ അല്‍ക്വയ്ദ തീവ്രവാദികളെന്ന് പറയപ്പെടുന്നവരെ പിടികൂടിയത് എന്‍.ഐ.എ, ഇന്റലിജന്‍സ് ബ്യൂറോ ,കേരള പൊലീസ് എന്നിവരുടെ സംയുക്ത നീക്കത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു
അക്രമങ്ങളുടേയും മതവര്‍ഗീയ കലാപങ്ങളുടേയും ക്രൈം റെയ്റ്റുകളില്‍ ബി.ജി.പി,കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ എത്രയോ താഴെയാണ് കേരളം. ഇതൊക്കെ അറിഞ്ഞിട്ടും കേരളം മതതീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന കോണ്‍ഗ്രസ്,ബി.ജെ.പി നേതാക്കളുടെ പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയാന്‍ അവര്‍ തയ്യാറാകണമെന്നും റിയാസ് അവശ്യപ്പെട്ടു.
പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
‘മത തീവ്രവാദത്തിന്റേതല്ല,മതനിരപേക്ഷതയുടെ കേന്ദ്രമാണ് കേരളം.’
തീവ്രവാദം ചെറുക്കപ്പെണ്ടേണ്ടതാണ്. എന്തിന്റെ പേരിലായാലും.
ഒരു മതത്തിലും തീവ്രവാദം ഇല്ല..ഒരു തീവ്രവാദത്തിനും മതവുമില്ല…എന്നാല്‍ മതവിശ്വാസികളെ വഴിതെറ്റിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ട്. മത വര്‍ഗീയതയും മത തീവ്രവാദവും ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തെ മാത്രം ബന്ധപ്പെടുത്തേണ്ട വിഷയമല്ല. ജനജീവന്‍ പ്രശ്‌നങ്ങളില്‍ ഒന്നിച്ചു നിന്ന് പ്രതിഷേധിക്കേണ്ട ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുവാന്‍ വേണ്ടി ഉത്പാദിപ്പിക്കുന്നതാണ് മതവര്‍ഗീയതയും മതതീവ്രവാദവും.
ഇസ്‌ലാംം സമം തീവ്രവാദം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ. ഇസ്ലാമോഫോബിയയുടെ ഇന്ത്യയിലെ പ്രചാരകരായ സംഘപരിവാറാണ് കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശക്തമായി തീവ്രവാദത്തിനെതിരെ അന്വേഷണം നടത്തണം.അവരെ ഇല്ലാതാക്കണം.പക്ഷേ കേന്ദ്രഏജന്‍സികള്‍ ഇസ്ലാം എന്നാല്‍ തീവ്രവാദികളാണെന്ന കേന്ദ്രസര്‍ക്കാറിന്റെ ആശയ പ്രചാരണത്തിന്റെ സ്വാധീനത്തില്‍ വിഴാതിരിക്കേണ്ടതുണ്ട്.പ്രഖ്യാസിംഗ് ഠാക്കൂര്‍മാരും തീവ്രവാദികളാണെന്ന് അംഗീകരിക്കാത്തവരാണ് കേന്ദ്രഭരണാധികാരികള്‍.
നമ്മുടെ രാജ്യത്ത് ഒരുപാട് മനുഷ്യജീവന്‍ എടുത്ത തീവ്രവാദ ഗ്രൂപ്പുകളെ എന്തുവിലകൊടുത്തും അമര്‍ച്ച ചെയ്യണം. പ്രഖ്യാസിംഗ് ഠാക്കൂര്‍മാര്‍ ഉള്‍പ്പെടെ എല്ലാ മത വര്‍ഗീയ ആശയ പ്രചാരണവും തീവ്രവാദ പ്രവര്‍ത്തനവും നയിക്കുന്നവരെ ചെറുക്കേണ്ടത് തന്നെയാണ്.ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഞങ്ങളും തീവ്രവാദികളുടെ പക്ഷക്കാരായി മുദ്രകുത്തപ്പെട്ടേക്കാം എന്ന ഭയത്താല്‍ ശരിയായ നിലപാട് പറയാന്‍ മടിക്കുന്നവരല്ല മതനിരപേക്ഷവാദികള്‍. ഇന്ത്യയുടെ മതനിരപേക്ഷതയുടെ തലസ്ഥാനം കേരളം തന്നെയാണ്. എല്ലാ മത വര്‍ഗീയതയും മതതീവ്രവാദവും ചെറുക്കപ്പെടണമെന്ന കേരളത്തിന്റെ ശബ്ദം എല്ലാ മതവര്‍ഗീയവാദികളേയും അസ്വസ്ഥരാക്കുന്നുണ്ട്.ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് മതനിരപേക്ഷ കേരളത്തെ മത തീവ്രവാദ കേന്ദ്രമാക്കി മാറ്റി തീര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്.
കൊച്ചിയില്‍ അല്‍ക്വയ്ദ തീവ്രവാദികളെന്ന് പറയപ്പെടുന്നവരെ പിടികൂടിയത് എന്‍.ഐ.എ, ഇന്റലിജന്‍സ് ബ്യൂറോ ,കേരള പൊലീസ് എന്നിവരുടെ സംയുക്ത നീക്കത്തിന്റെ ഭാഗമായാണ്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തീവ്രവാദികളുടെ സാന്നിധ്യത്തെ പറ്റി എന്‍.ഐ.എ സംസ്ഥാന പോലീസ് മേധാവിക്ക് വിവരം കൈമാറിയതായും സഹായം ആവശ്യപ്പെട്ടതായുമാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്.ഡിജിപി ഇന്റലിജന്‍സ് മേധാവിക്ക് ഈ വിവരങ്ങള്‍ കൈമാറി. തീവ്രവാദ വിരുദ്ധ സേന മേധാവിയേയും വിവരമറിയിച്ചു.ഡല്‍ഹിയില്‍ നിന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ എത്തിയശേഷം ആലുവ റൂറല്‍ പോലീസുമായും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവുവുമായും തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുകയും ചെയ്തു എന്‍ ഐ എ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് സ്ഥലത്തെക്കുറിച്ച് കേരള പോലീസ് വിവരങ്ങള്‍ ശേഖരിച്ച് കൈമാറിഎന്നൊക്കെയാണ് പുറത്തറിയുന്ന വിവരങ്ങള്‍.അല്‍ക്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്ന സംഘത്തോടൊപ്പം കേരള പോലീസും ഉണ്ടായിരുന്നു. വീടുവളഞാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത് എന്നതും വസ്തുതയല്ലേ ?എന്‍ ഐ എ സംഘത്തിന് ആവശ്യമായ എല്ലാ സഹായവും കേരള പോലീസ് നല്‍കിയതായി ഡിജെപിയുടെ ഓഫീസും സ്ഥിരീകരിച്ചതായി വാര്‍ത്തകളുമുണ്ട്.എന്‍ ഐ എ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയതായി ഇന്റലിജന്‍സ് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്വസ്തുത ഇങ്ങനെയാണെന്ന് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇക്കാര്യത്തിലും രാഷ്ട്രീയ ലാഭത്തിനുവേണ്ടി പുകമറ സൃഷ്ടിക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്.ഇന്റലിജന്‍സ് പാളിച്ച ഉണ്ടായി, കേരള സര്‍ക്കാരും പോലീസും ഒന്നും അറിഞ്ഞില്ല എന്നുള്ള ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്.
അക്രമങ്ങളുടേയും മതവര്‍ഗീയ കലാപങ്ങളുടേയും ക്രൈം റെയ്റ്റുകളില്‍ ബി.ജി.പി,കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ എത്രയോ താഴെയാണ് കേരളം. ഇതൊക്കെ അറിഞ്ഞിട്ടും കേരളം മതതീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന കോണ്‍ഗ്രസ്,ബി.ജെ.പി നേതാക്കളുടെ പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയാന്‍ അവര്‍ തയ്യാറാകണം.
തീവ്രവാദ ആശയത്തിന്റെ പിടിയില്‍ പെട്ട് കാശ്മീരില്‍ സൈനികരോടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തന്റെ മകന്റെ മയ്യത്ത് അവന്‍ തീവ്രവാദി ആയതു കൊണ്ട് കാണേണ്ടതില്ല എന്നു പ്രഖ്യാപിച്ച സഫിയയുടെ മണ്ണാണ് കേരളമെന്ന് കോണ്‍ഗ്രസ്,ബി.ജെ.പി നേതാക്കള്‍ മറക്കരുത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: It is dangerous to exaggerate isolated incidents and try to turn Kerala into a center of religious extremism; PA Muhammad Riyaz