കരയുന്ന ആണുങ്ങളെ കാണുന്നത് തന്നെ എന്തൊരു അഴകാണ്, ആശ്വാസമാണ്. കല്ലിനു കാറ്റുപിടിച്ചതുപോലെയുള്ള കടുത്ത മനുഷ്യരല്ല, കൊടുങ്കാറ്റിലും കുലുങ്ങാത്ത കരിങ്കല്‍ഗോപുരങ്ങള്‍ അല്ല, ഉള്ളില്‍ കണ്ണീരിന്റെ ഉഷ്ണതടാകങ്ങള്‍ ഉറയുന്ന, അതില്‍ നനയുകയും നിറയുകയും കവിയുകയും ചെയ്യുന്ന, അയഞ്ഞ ആണുങ്ങള്‍.
ആണത്തത്തിന്റെ സകല ആലഭാരങ്ങളെയും അഴിച്ചുകളയുന്ന, സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ, പ്രണയത്തിന്റെ ഭൂപ്രദേശങ്ങളില്‍ മഴ പൊടിയുമ്പോഴേക്കും അണക്കെട്ടുകളെല്ലാം പൊട്ടിപ്പോകുന്ന കണ്ണീരണിഞ്ഞ ആണുങ്ങള്‍. അപ്പോള്‍ അവരുടെ തലകുനിയും, തൊണ്ടക്കുഴിയില്‍ വാക്കുകള്‍ മുങ്ങിമരിക്കും, കണ്ണുകളില്‍ കടല്‍ നിറയും, കൈവിരലുകളില്‍ കണ്ണീരിന്റെ ഉപ്പുപുരളും.
ചേട്ടനെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍, പിടിവിട്ടുപോകുന്ന ടൊവിനോയെ കാണുമ്പോള്‍, കണ്ണുകള്‍ യാതൊരു നാണവുമില്ലാതെ നനയുന്നതു കാണുമ്പോള്‍, മസിലുകളെല്ലാം കൂറുമാറുന്നതു കാണുമ്പോള്‍, വാക്കുകള്‍ ഓര്‍ക്കാപ്പുറത്തു പണിമുടക്കുന്നതു കാണുമ്പോള്‍, നമ്മളും തൂവിപ്പോകും.
ഒരു മനുഷ്യന്‍ ഇങ്ങനെ നേര്‍ത്തു നനുത്തു പോകുമ്പോള്‍ നമ്മുടെയുള്ളിലും മഴ പൊടിയും, നമ്മളും കരകവിഞ്ഞൊഴുകും. കരിങ്കല്ലുകള്‍ പിളര്‍ന്ന്, ഒരു കാട്ടുറവ കുതിച്ചുചാടുന്നതുപോലെ മനുഷ്യര്‍ അപ്പോള്‍ വെള്ളച്ചാട്ടങ്ങളാവും. അതില്‍ അവര്‍ മാത്രമല്ല, മറ്റുള്ളവരും നനയും, നനഞ്ഞൊലിക്കും. നന്ദി ടൊവിനോ, ഇങ്ങനെ നനച്ചു കളഞ്ഞതിന്.
Content Highlight: It is beautiful to see men crying, write up about tovino thomas