| Tuesday, 23rd March 2021, 5:24 pm

'കാരന്തൂര്‍ കാവിലെ കാന്തപ്പനെ ആരാധിക്കുന്ന കാന്തമതം'; സമദാനിയുടെതെന്ന പേരില്‍ പ്രചരിക്കുന്ന പ്രസംഗം യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവിന്റെതെന്ന് ആരോപണം, യു.ഡി.എഫ് പ്രതികരിക്കണമെന്നാവശ്യം; വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമസ്ത നേതാവ് കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാരെ അധിക്ഷേപിക്കുന്ന തരത്തില്‍ മലപ്പുറം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി എം.പി അബ്ദുസമദ് സമദാനിയുടെ പേരില്‍ പ്രചരിക്കുന്ന പ്രസംഗം യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവിന്റെതാണ് എന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രസംഗം സമാദാനിയുടെത് ആണെന്ന തരത്തിലായിരുന്നു പ്രചരിച്ചത്. എന്നാല്‍ തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നായിരുന്നു സമദാനി പറഞ്ഞത്.

ഇതിന് പിന്നാലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട്, റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതിയും സമദാനി നല്‍കിയിരുന്നു.

ഇതിനിടെയാണ് പ്രസംഗിക്കുന്നത് സമദാനിയല്ല യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവാണ് എന്ന് ആരോപണം പുറത്തുവന്നത്. ‘കാരന്തൂര്‍ കാവിലെ കാന്തപ്പനെ ആരാധിക്കുന്ന കാന്തമതം’ എന്ന തരത്തിലാണ് പ്രസംഗം.

സംഭവത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വവും കോണ്‍ഗ്രസും പതികരിക്കണമെന്ന് സമസ്ത എസ്.വൈ.എസ് നേതാവ് മുഹമ്മദാലി കിനാലൂര്‍ ആവശ്യപ്പെട്ടു. സമദാനിക്ക് പോലും അപമാനകരമായി തോന്നുന്ന ഫൈസല്‍ ബാബുവിന്റെ പ്രസംഗത്തെ കുറിച്ച് യു.ഡി.എഫിനും കോണ്‍ഗ്രസിനും എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

അഡ്വ. ഫൈസല്‍ ബാബുവിന്റെ പ്രസംഗത്തെ കുറിച്ച് മുസ്ലിം ലീഗ് നേതൃത്വം പ്രതികരിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു കഴിഞ്ഞ മണിക്കൂറുകളില്‍. അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാമതായി, ആ ശബ്ദത്തിന്റെ ഉടമ ഫൈസല്‍ ബാബു ആണ്. ഇപ്പോള്‍ യൂത്ത് ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി. രണ്ടാമതായി, അയാള്‍ ഒരു ലീഗ് വേദിയിലാണ് അത് പറയുന്നത്. മൂന്നാമതായി, കേരളത്തില്‍ പ്രബല മുസ്ലിം വിഭാഗത്തെ പ്രത്യേക മതമായിട്ടാണ് അയാള്‍ വിശേഷിപ്പിക്കുന്നത്. നാലാമതായി, ലോകം ബഹുമാനിക്കുന്ന ഒരു മഹാഗുരുവിനെ ഹിന്ദു മതത്തിലെ പ്രതിഷ്ഠയോട് ഉപമിക്കുന്നു.

ഇതൊക്കെ മുസ്ലിം ലീഗിന്റെ നിലപാട് ആണോ എന്നറിയണണെന്നും അല്ലെങ്കില്‍ എന്തുകൊണ്ട് നേതൃത്വം യുവനേതാവിനെ തിരുത്തുന്നില്ലെന്നും മുഹമ്മദാലി ചോദിച്ചു.

ലീഗിനോട് ചേര്‍ന്നു നില്‍ക്കാത്തവരെ പ്രത്യേക മതമായി കാണുന്ന മനോഭാവം എന്തുമാത്രം നികൃഷ്ടമാണ്. ഒരു മുസ്ലിം മറ്റൊരു മുസ്‌ലിമിന്റെ മേല്‍ കുഫ്രിയ്യത് ആരോപിക്കുന്നതിന്റെ മതവിധി എന്താണ്? ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ നടത്തിയ കണ്ണന്‍ പ്രസംഗത്തോളം വിശ്വാസപരമായി അപകടകരമല്ലേ ഈ പ്രസംഗം? ഖാദറിനെ തിരുത്തിയ ഇ കെ വിഭാഗം പണ്ഡിതര്‍ ഫൈസല്‍ ബാബുവിനെ തിരുത്തുമോ? സ്വന്തം സമുദായത്തിലെ ഒരു വിഭാഗത്തോട് ഇങ്ങനെ ആണ് യൂത്ത് ലീഗിന്റെ സമീപനമെങ്കില്‍ മറ്റു മതസ്ഥരെ കുറിച്ച് എന്തെല്ലാമായിരിക്കാം ഇത്തരം പ്രഭാഷകര്‍ സംഘടന ക്ലാസുകളിലും മറ്റും പറയുന്നുണ്ടാവുക? എന്നും അദ്ദേഹം ചോദിച്ചു.

നാക്കിന് എല്ലില്ല എന്ന് കരുതി നാട് കത്തിക്കാന്‍ ഇറങ്ങുന്ന ഫൈസല്‍ ബാബുമാരെ തിരുത്താന്‍ ലീഗ് നേതാക്കള്‍ തയാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.

സമദാനിക്ക് പോലും അപമാനകരമായി തോന്നുന്ന ഫൈസല്‍ ബാബുവിന്റെ പ്രസംഗത്തെ കുറിച്ച് കോണ്‍ഗ്രസിന് എന്ത് പറയാനുണ്ട്? ബഹു. കാന്തപുരം ഉസ്താദിനെയും അദ്ദേഹം നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തേയും യൂത്ത് ലീഗ് നേതാവ് അപമാനിച്ചതില്‍ കോണ്‍ഗ്രസ് മിണ്ടാതിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രചരിക്കുന്ന പ്രസംഗത്തിന്റെ ഭാഗം,

കേരളത്തിലെ മുസ്‌ലിങ്ങള്‍ ഈ നിര്‍ഭാഗ്യത്തിലേക്ക് ഒക്കെ പോയപ്പോള്‍ ചേര്‍ത്ത നിര്‍ത്തിയത് ലീഗാണ്. ഒരുകാലത്ത് നമ്മളി കൊണ്ടോട്ടി അങ്ങാടിയിലെ പറമ്പിലൊക്കെ മാസപിറവി വിശദീകരിച്ചിട്ടില്ലെ.. മാസം വരുന്ന സമയത്ത് ഒരു പൊരയില് നോമ്പ്,
പൊരയില് പെരുന്നാള്. നമ്മുടെ നാട്ടില്‍ എന്തൊക്കെ നിര്‍ഭാഗ്യ സംഭവങ്ങള്‍ ഉണ്ടായി. മതസംഘടനകളുടെ ഊക്ക് കാണിക്കാന്‍. പെരുന്നാള്‍ കമ്മറ്റി പെരുന്നാള്‍ നിശ്ചയിക്കാന്‍, മറ്റെ ഉസ്താദ് ഉണ്ടായിരുന്നു മൂപ്പര് പിന്നെ എല്ലാത്തിലും ഉണ്ടാകും. എല്ലാ ബലാലിനും നേതൃത്വം കൊടുക്കുന്നത് മൂപ്പരാണല്ലോ. ഞങ്ങള്‍ക്ക് അതൊന്നും പറയാന്‍ മടിയൊന്നുമില്ല. നിങ്ങള് മതസംഘടനയൊന്നുമല്ല മതം തന്നെയാണ്.
മുട്ടത്ത് കാവിലെ മുത്തപ്പനെ മൂര്‍ത്തിയായി ആരാധിക്കുന്ന മതത്തിനെ പോലെ കാരന്തൂര്‍ കാവിലെ കാന്തപ്പനെ ആരാധിക്കുന്ന മതത്തിന്റെ പേരാണ് കാന്തമതം.

ങ്ങള് ഇങ്ങനെ വളച്ചുകെട്ടി പറയുകയൊന്നും വേണ്ട ഉറക്കെ പറയാം. മണ്ണാര്‍ക്കാട് തെരഞ്ഞെടുപ്പ് വരെ പേടിയൊന്നുമില്ല ഒരു ഭയം. ഇന്നലെ ഒരാള് പറഞ്ഞല്ലോ പേടിയൊന്നുമില്ല ഒരു ഭയം. ഞമ്മള് ദൂആ ഇരിക്കാണ്. ആ താനൂരിലെ കുട്ടികളൊക്കെ നമ്മളോട് എപ്പഴും പറയും നിങ്ങള്‍ക്ക് എ.പി ഉസ്താദുമായി ബന്ധമുണ്ടോ ? ഞാന്‍ പറയും ഇല്ല. അല്ല ബന്ധള്ളോരായിട്ട് ബന്ധം ഉണ്ടോ ? നമ്മുടെ നാട്ടില്‍ അങ്ങനെ ചിലോര്‍ ഉണ്ട്. നമ്മുടെ നാട്ടില്‍ വന്നിട്ട് ഉസ്താദിനെ ഇങ്ങനെ കൈമുത്തുകയാണ് സ്റ്റേജില്‍ വന്നിട്ട്.
ഇങ്ങനെ തിരക്കുകയാണ്. അവസാനം അനൗണ്‍സര്‍ വിളിച്ചു പറയുകയാണ് ഇനി ആരും ഉസ്താദിനെ മുത്തരുത്, വേണമെങ്കില്‍ മുത്തിയവരെ മുത്താവുന്നതാണ്. പിന്നെ പറയുന്നത് കേട്ടു. വേണമെങ്കില്‍ പേരോട് ഉസ്താദിനെ മുത്താവുന്നതാണ്. അതോണ്ട് കുട്ടികള്‍ എന്നോട് ചോദിച്ചു മുത്തിയോരെ മുത്തിയിട്ടുള്ള സഹാബി, സഹാബിയെ കണ്ടയാള് ത്വാബിയാണ്, ത്വാബിയെ കണ്ടയാള് താബിയോത്വാബിയാണ്. ഇസ്‌ലാമിന്റെ ഒരു രീതി ശാസ്ത്രം അങ്ങിനെയാണ്.

ഇവര്‍ക്കിടയിലും ഉണ്ട് ഈ ത്വാബിയും താബിയോത്വാബിയുമൊക്കെ നേരിട്ട് മുത്തുന്നോന്‍, മുത്തുന്നോനെ മുത്തുന്നോന്‍, പരമ ബോറന്മാര്‍ വേറെ എന്താണ് ഇപ്പോ പറയുക. ഞങ്ങള്‍ നിങ്ങളെ മുടി, തെരുവില്‍ തുണി പൊക്കി കാണിക്കണം എന്നാഗ്രഹിച്ചതല്ല. പക്ഷേ മണ്ണാര്‍കാട് മണ്ഡലത്തില്‍ ഞങ്ങളുടെ ഷംസുദ്ധീന്റെ രോമത്തിലേക്ക് നിങ്ങളുടെ കൈയുയര്‍ന്നപ്പോള്‍. ആ ഉയര്‍ന്ന കൈ ഏത് കമറിന്റെ കൈയാണെങ്കിലും ആ കൈ തിരിച്ച് കൊടുക്കേണ്ട എന്ന് ഞങ്ങള് തീരുമാനിച്ചതായിരുന്നു. അതോണ്ട് ഞങ്ങള് ഇത് ഇടയ്ക്ക് ഇടയ്ക്ക് പറയും ഞങ്ങള്‍ക്ക് എന്ത് റാഹത്തായിരുന്നു എന്ന് അറിയോ ?. ഇത് പറഞ്ഞ് കഴിഞ്ഞാല്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും നമ്മള്‍ കേട്ടു എന്ത് വല്ല്യ ദുഅ ആയിരുന്നു. റബ്ബുലാല്‍ ആമീനായ തമ്പുരാനെ അല്ലാഹുവും അല്ലാഹുവിന്റെ റസൂലുമൊക്കെ നിങ്ങളെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എന്നാണ് നിങ്ങളെ ഒരു വെപ്പ് അല്ലെ ?.

ആകാശത്ത് ഉള്ള അല്ലാഹു ഉസ്താദിനോട് ചോദിക്കാതെ ഒന്നും നടത്തലില്ലായെന്നാണ്. എന്തൊക്കെ കിനാവാ കണ്ടിരുന്നെ ? ഹൗളുല്‍ കൗസറിന്റെ അവിടെ ഇത് ഇങ്ങനെ കൊടുക്കന്ന സമയത്ത് എ.പി ഉസ്താദിനെ കാണുന്നില്ല. അപ്പം നമ്മളെ കുണ്ടൂര്‍ ഉസ്താദിന് വല്യ സങ്കടം. കുണ്ടൂര്‍ ഉസ്താദ് പറഞ്ഞു ഹൗളുല്‍ കൗസര്‍ കുടിക്കാന്‍ തന്നെ വരുന്നില്ല. അപ്പം എസ്.എസ്.എഫിന്റെ റെക്ടര്‍ സെക്രട്ടറി ചോദിച്ചു അതെന്താണ് നിങ്ങള് വരാത്തത്. ഖമറുല്‍ഉലാമ ഇല്ലാതെ എന്ത് ഹൗളുല്‍ കൗസറ്. അപ്പോള്‍ പൊന്‍മള ഉസ്താദ് വന്നിട്ട് കുണ്ടൂര്‍ ഉസ്താദിനോട് പറയുകയാണ് നിങ്ങള്‍ക്ക് ഞാന്‍ ഒരു സാധനം കാണിച്ച് തരാം ഹൗളുല്‍ കൗസറ് കൊടുക്കുന്ന അവിടെ ടിക്കറ്റ് മുറിച്ച് കൊടുക്കുന്നത് എ.പി ഉസ്താദാണ്.

നാണക്കേടെ നിന്റെ പേരോ എ.പി അബുബക്കര്‍ മൗലവി എന്ന് ഞങ്ങള്‍ക്ക് ചോദിക്കേണ്ടി വരികയാണ്. ഞങ്ങള് നേരിടേണ്ടെ ? കളിച്ച് കളിച്ച് നിങ്ങള് എവിടെയെത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: It is alleged that the speech leaked in the name of Samadani was made by Youth League leader Faisal Babu. Samastha League controversy

We use cookies to give you the best possible experience. Learn more