| Saturday, 2nd November 2024, 12:56 pm

മധ്യപ്രദേശില്‍ വെടിയേറ്റുമരിച്ച ഭര്‍ത്താവിന്റെ രക്തം അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെക്കൊണ്ട് തുടപ്പിച്ച് ആശുപത്രി അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഡിന്‍ഡോരി ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഭര്‍ത്താവിന്റെ രക്തം അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊണ്ട് തുടപ്പിച്ച ആശുപത്രി അധികൃതര്‍ വിവാദത്തില്‍.

വര്‍ഷങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് റോഷ്‌നി എന്ന യുവതിയുടെ ഭര്‍ത്താവ് ശിവരാജ് കൊല്ലപ്പെടുന്നത്.

ഇദ്ദേഹത്തിന് പുറമെ ലാല്‍പൂര്‍ ഗ്രാമത്തിലെ ഒരാള്‍ക്കും അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കള്‍ക്കും സംഘര്‍ഷത്തില്‍ വെടിയേറ്റിരുന്നു. എന്നാല്‍ ഇവരില്‍ രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. പരിക്കേറ്റ ശിവരാജിനെ ഉള്‍പ്പെടെ മറ്റ് രണ്ട് പേരെ സമീപത്തെ ഗദസരായ് ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഗര്‍ഭിണിയായ യുവതി ഭര്‍ത്താവ് കിടന്ന കിടക്ക വൃത്തിയാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ രക്തം പുരണ്ട വസ്ത്രം വേണമെന്നും ഭര്‍ത്താവ് കിടന്ന കിടക്ക വൃത്തിയാക്കാന്‍ അനുവദിക്കണമെന്നും യുവതി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് സംഭവത്തില്‍ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

‘വ്യാഴാഴ്ച ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നിരവധി പുരുഷന്മാര്‍ക്ക് വെടിയേറ്റിരുന്നു. അവരില്‍ രണ്ട് പേരെ ഞങ്ങളുടെ സ്ഥാപനത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടതോടെ അയാളുടെ ഭാര്യ കട്ടിലിലുള്ള രക്തം ഒരു തുണി ഉപയോഗിച്ച് തുടയ്ക്കാന്‍ അനുവദിക്കണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടു,’ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ചന്ദ്രശേഖര്‍ ടെകം പറഞ്ഞു.

ഒരു കൈയില്‍ രക്തം പുരണ്ട തുണിയും മറ്റൊരു കൈയില്‍ ടിഷ്യൂവും ഉപയോഗിച്ചാണ് യുവതി കിടക്ക വൃത്തിയാക്കുന്നത്. വെടിവെപ്പിനെത്തുടര്‍ന്ന് ഏഴ് പേര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ഗദസരായ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight: It is alleged that the pregnant woman was told to clean her husband’s bloody hospital bed after his death

We use cookies to give you the best possible experience. Learn more