നിലമ്പൂര്‍: പി.വി. അന്‍വര്‍ വിഷയങ്ങളില്‍ ലീഗ് നിലമ്പൂരില്‍ സംഘടിപ്പിക്കാനിരുന്ന പൊതുയോഗം നേതൃത്വം മുടക്കിയെന്ന് ആരോപണം. മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എ കെ.എം. ഷാജി പങ്കെടുക്കാനിരുന്ന യോഗം മുടക്കിയെന്നാണ് ആരോപണമുയരുന്നത്.
എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിച്ച നേതൃത്വം ഇക്കാര്യം നിഷേധിച്ചു. പൊതുയോഗം മുടക്കിയതില്‍ നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.
കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ അനുമതി തേടിയതിന് പിന്നാലെയാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. നിലമ്പൂര്‍ മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയാണ് നേതൃത്വത്തെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് നേതാക്കള്‍ തമ്മില്‍ ഒത്തുകളിയാണെന്ന വിമര്‍ശനവും നേതൃത്വത്തിനെതിരെ ഉയരുകയുണ്ടായി.
അതേസമയം ശാരീരികമായ ബുദ്ധിമുട്ടുകളാല്‍ പി.വി. അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. കടുത്ത തൊണ്ടവേദനയെ തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് പി.വി. അന്‍വര്‍ അറിയിക്കുകയായിരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്.
ഇന്നലെ കോഴിക്കോട് മുതലക്കുളത്ത് വെച്ച് നടന്ന മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട വിശദീകരണ പൊതുയോഗത്തില്‍ പി.വി. അന്‍വര്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമാണ് അന്‍വര്‍ കോഴിക്കോട് നടത്തിയത്. മുഖ്യമന്ത്രി മലപ്പുറത്തെയും ഒരു സമുദായത്തെയും അപമാനിച്ചുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
മാമി തിരോധാന കേസ് അട്ടിമറിച്ചെന്നും കേസില്‍ ഇനി ഒന്നും തെളിയിക്കാന്‍ പോകുന്നില്ലെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു. പൊലീസിലെ ഒരു വിഭാഗം ആളുകള്‍ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളവരാണ്.
എത്രയോ നിരപരാധികളായ യുവാക്കളെയാണ് മയക്കുമരുന്ന്കേസില്‍ പൊലീസ് കുടുക്കിയിരിക്കുന്നതെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എ.ഡി.ജി.പി അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
അതേസമയം കോഴിക്കോട് നടന്ന പി.വി. അന്‍വറിന്റെ പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് മുതിര്‍ന്ന് സി.പി.ഐ.എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി പ്രതികരിച്ചിരുന്നു.
അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും ഉള്‍പ്പെടെയുള്ള മതമൗലികവാദ സംഘടനകളാണെന്നാണ് പാലൊളി മുഹമ്മദ്കുട്ടി പറഞ്ഞത്.
Content Highlight: It is alleged that the leadership stopped the general meeting that was to be organized by the League in Nilambur