| Friday, 13th December 2024, 9:18 am

ഏതുതരം വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യം; വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയെ വിലയിരുത്തരുത്: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്ത്രീകളെ ധരിച്ചിരിക്കുന്ന വസ്ത്രത്തെ മുന്‍നിര്‍ത്തി വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.

മാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ധരിക്കുന്ന വസ്ത്രം ഉള്‍പ്പെടെ കണക്കിലെടുത്ത് യുവതിക്ക് കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചിരുന്നു. ഇതിനെതിരായാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹമോചനം നേടിയ യുവതി തന്റെ കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടപ്പോള്‍ യുവതി ധരിച്ച വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളെ കൊണ്ടുപോവാനുള്ള അവകാശം കുടുംബ കോടതി നിഷേധിക്കുകയായിരുന്നു.

എന്നാല്‍ ഏത് തരം വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്നും അത് കോടതിയുടെ മോറല്‍ പൊലീസിങ്ങിന് വിധേയമാക്കേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിധിന്യായങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കി.

ദമ്പതികളില്‍ രണ്ട് പേരുടെയും സമ്മതപ്രകാരം ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുടുംബ കോടതി കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ചു, ഡേറ്റിങ് ആപ്പില്‍ ഫോട്ടോ അപ്ലോഡ് ചെയ്തു, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാണ് യുവതിക്ക് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചിരുന്നത്.

വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ആഘോഷിച്ചതിനെയും മാവേലിക്കര കുടുംബ കോടതി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വിവാഹ മോചനം നേടുന്നവര്‍ സങ്കടപ്പെട്ട് കഴിയണമെന്ന കോടതിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Content Highlight: It is a woman’s freedom to choose what type of clothing to wear; Don’t judge a woman by what she wears: HC

Latest Stories

We use cookies to give you the best possible experience. Learn more