| Monday, 20th March 2023, 10:17 pm

ഐ.സി.യു എന്ന അതീവ സുരക്ഷാ സംവിധാനം പോലും സ്ത്രീകൾക്ക് ചതിക്കുഴിയാണ് എന്നത് കേരളത്തിന് അപമാനം; യുവതി പീഡനത്തിനിരയായ സംഭവം മനുഷ്യാവകാശ ലംഘനമെന്ന് വിമെൻ ജസ്റ്റിസ് മൂവ്മെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി പീഡനത്തിനിരയായ സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വിമെൻ ജസ്റ്റിസ് മൂവ്മെന്റ്. പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവത്തിന് പിന്നിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര സുരക്ഷാവീഴ്ചയാണെന്നും വിമെൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയ്ലാണ്ടി പറഞ്ഞു.

സുരക്ഷാ വീഴ്ചക്ക് കാരണക്കാരായവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. സാധാരണക്കാരായ സ്ത്രീകൾ ഏറെ ആശ്രയിക്കുന്ന മെഡിക്കൽ കോളജുകൾ പീഡന കേന്ദ്രങ്ങളാകുന്നത് സ്ത്രീസമൂഹത്തിന് വെല്ലുവിളിയാണെന്നും
സ്ത്രീ വാർഡുകളിൽ കൂടുതൽ സ്ത്രീജീവനക്കാരെ നിയമിക്കണമെന്നും ഇവർ വ്യക്തമാക്കി.

അർദ്ധ ബോധാവസ്ഥയിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട സർജറി കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചത് അതീവ ഗൗരവമർഹിക്കുന്ന കുറ്റകൃത്യമാണ്. സ്ത്രീ രോഗികൾക്കു നേരെ നിരന്തരമുണ്ടാകുന്ന സുരക്ഷാ വീഴ്ച ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുടെ നേരെയാണ് വിരൽ ചൂണ്ടുന്നത്.

ഐ.സി.യു എന്ന അതീവ സുരക്ഷാ സംവിധാനം പോലും സ്ത്രീകൾക്ക് ചതിക്കുഴിയാണ് എന്നത് കേരളത്തിന് അപമാനമാണെന്നും വിമെൻ ജസ്റ്റിസ് മൂവ്മെന്റ് ഫേസ്ബുക്കിൽ കുറിച്ചു.

സർജിക്കൽ ഐ.സി.യുവിൽ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ തിയേറ്ററിൽ നിന്ന് സ്ത്രീകളുടെ സർജിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച ശേഷമായിരുന്നു സംഭവം.

സർജിക്കൽ ഐ.സി.യുവിലേക്ക് യുവതിയെ കൊണ്ടുവിട്ട് മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞ് തിരികെ എത്തി യുവതിയെ പീഡനപ്പിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു. ശസ്ത്രക്രിയക്ക്‌ ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്.

Content Highlight: It is a shame for Kerala that even the high security system of ICU is bad for women rights movement

We use cookies to give you the best possible experience. Learn more