| Wednesday, 27th November 2024, 10:14 pm

രാജവാഴ്ചയല്ല, നിയമവാഴ്ചയാണ്, എഴുന്നള്ളത്ത് മാര്‍ഗരേഖകള്‍ പാലിക്കണം; ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവുകളൊന്നും അനുവദിക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി. നിലവില്‍ രാജവാഴ്ചയല്ലെന്നും രാജാവിന്റെ കാലം മുതല്‍ എഴുന്നള്ളിപ്പ് നടക്കുന്നുവെന്ന പേരില്‍ ഇളവുകള്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

‘രാജാവിന്റെ കാലം മുതല്‍ നടക്കുന്നുവെന്നതിന്റെ പേരില്‍ ഇളവ് അനുവദിക്കാനാകില്ല. രാജവാഴ്ച അവസാനിച്ചു, ഇപ്പോള്‍ ജനാധിപത്യമാണ്. നിയമവാഴ്ചയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ നിലവിലുള്ളനിയമത്തിനനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അനിവാര്യമായ മതാചാരങ്ങള്‍ മാത്രമേ അനുവദിക്കാന്‍ കഴിയൂ,’ ഹൈക്കോടതി വ്യക്തമാക്കി.

ദേവസ്വങ്ങള്‍ പിടിവാശി കളയണമെന്നും പറഞ്ഞ കോടതി പുറത്തിറക്കിയ മാര്‍ഗരേഖ നിലവിലുള്ളനിയമത്തെ വ്യാഖ്യാനിച്ചുകൊണ്ടാണ്ട് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

എഴുന്നള്ളിപ്പുകളില്‍ രണ്ടാനകള്‍ക്കിടയില്‍ മൂന്ന് മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണമെന്ന മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

തൂപ്പൂണിത്തുറ ക്ഷേത്രോത്സവത്തിനടക്കം ദൂരപരിധിയില്‍ ഇളവുവേണമെന്ന ആവശ്യത്തില്‍ ആനകള്‍ തമ്മിലുള്ള അകലം ഒഴിവാക്കാന്‍ കഴിയില്ലെന്നും മൂന്ന് മീറ്റര്‍ ദൂരപരിധി വേണമെന്നും കോടതി വ്യക്തമാക്കി.

രാജവാഴ്ചയുടെ കാലത്തുള്ള ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ ആളുകള്‍ നിലവില്‍ പൂരത്തിലുണ്ടെന്നും ആനകള്‍ക്ക് അവരുടേതായ അവകാശങ്ങളുണ്ടെന്നും എഴുന്നള്ളത്ത് മാര്‍ഗരേഖകള്‍ പാലിച്ചേ മതിയാവൂ എന്നുമാണ് കോടതിയുടെ നിര്‍ദേശം.

മാര്‍ഖരേഖയ്ക്കനുസൃതമായാണെങ്കില്‍ കൂടുതല്‍ ആനകളെ അണിനിരത്താന്‍ കഴിയില്ലെന്നും ഈ സാഹചര്യമാണെങ്കില്‍ പൂരം നടത്താന്‍ കഴിയില്ലെന്നുമാണ് ദേവസ്വങ്ങള്‍ അവകാശപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: It is a rule of law, not a monarchy, and guidelines must be followed when it arises; Elephant rising High Court

We use cookies to give you the best possible experience. Learn more