ആര്‍.എസ്.എസ് നിലപാടുപേക്ഷിച്ച് കമ്യൂണിസ്റ്റുകാരനാകാന്‍ കഴിഞ്ഞത് അഭിമാനകരം; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്നും എസ്.രാമചന്ദ്രന്‍ പിള്ള
Kerala News
ആര്‍.എസ്.എസ് നിലപാടുപേക്ഷിച്ച് കമ്യൂണിസ്റ്റുകാരനാകാന്‍ കഴിഞ്ഞത് അഭിമാനകരം; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്നും എസ്.രാമചന്ദ്രന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th August 2020, 6:12 pm

കൊച്ചി: ആര്‍.എസ്.എസ് നിലപാടുപേക്ഷിച്ച് കമ്യൂണിസ്റ്റുകാരനാകാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് സി.പി.ഐ.എം. പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിലായിരുന്നു എസ്.രാമചന്ദ്ര പിള്ളയുടെ പരാമര്‍ശം.

തന്റെ പഴയ ആര്‍.എസ്.എസ് ബന്ധം ചര്‍ച്ചയാകുന്നതില്‍ ഉല്‍ക്കണ്ഠയില്ലെന്നും യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച തന്നെ തന്റെ രക്ഷിതാക്കളാണ് ആര്‍.എസ്.എസ് ശാഖയിലേക്ക് അയച്ചതെന്നും എസ്.ആര്‍.പി പറഞ്ഞു.

അത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ പതിനെട്ടാം വയസില്‍ തന്നെ കമ്യൂണിസ്റ്റായത് അഭിമാനകരമായ വളര്‍ച്ചയാണെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ആവശ്യമെങ്കില്‍ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആര്‍.എസ്.എസുമായി എസ്.രാമചന്ദ്ര പിള്ളയ്ക്ക് ബന്ധമുണ്ടെന്ന് ബി.ജെ.പി മുഖപത്രത്തില്‍ ലേഖനം വന്നിരുന്നു. തുടര്‍ന്ന് മുന്‍പ് ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

16 വയസ്സിന് മുന്‍പ് രണ്ട് വര്‍ഷം ആര്‍.എസ്.എസ് ശാഖയുമായി ബന്ധമുണ്ടായിരുന്നെന്നും പിന്നീട് ഭൗതീക വാദിയായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെ.പി മുഖപത്രത്തില്‍ പി ശ്രീകുമാര്‍ എഴുതിയ ലേഖനത്തോടായിരുന്നു എസ്.ആര്‍.പിയുടെ പ്രതികരണം.

സി.പി.ഐ.എം പി.ബി അംഗമായ എസ്.ആര്‍.പി മുന്‍ ആര്‍.എസ്.എസ് ശിക്ഷകായിരുന്നുവെന്നാണ് ബി.ജെ.പി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. പി ശ്രീകുമാറിന്റെ ലേഖനത്തിലാണ് സിപിഎമ്മിന്റെ സമുന്നതനായ നേതാവിനും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍ ശങ്കറിനും ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തല ആര്‍.എസ്.എസ് ആയിരുന്നില്ലെന്നും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍.എസ്.എസിനെ സ്‌നേഹിച്ചിരുന്നെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

It is a matter of pride to be able to leave the RSS and become a communist; S. Ramachandran Pillai