| Thursday, 4th March 2021, 6:59 pm

ശ്രീ എംന് സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കാം, ആള്‍ ദൈവമെന്നും ആര്‍.എസ്.എസ് സഹയാത്രികനെന്നും വിശേഷിപ്പിച്ചത് വേദനയുണ്ടാക്കുന്നു; ബല്‍റാമിനോട് പി.ജെ കുര്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശ്രീ എമ്മിനെതിരായ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിന്റെ വിമര്‍ശനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. ശ്രീഎമ്മിനെ ‘ആള്‍ ദൈവമെന്നും ‘ആര്‍.എസ്.എസ് സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ.എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണെന്ന് പി.ജെ കുര്യന്‍ പറഞ്ഞു.

ശ്രീ എമ്മിന് സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ബല്‍റാമിന് എല്ലാ അവകാശവും ഉണ്ടെന്നും പി.ജെ കുര്യന് പറഞ്ഞു.

തനിക്ക് ശ്രീ.എമ്മുമായി നല്ല പരിചയമുണ്ട്. താന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹമെന്നും കുര്യന്‍ പറഞ്ഞു.

ശ്രീ എം ആള്‍ ദൈവവുമല്ല ആര്‍.എസ്.എസുമല്ലെന്നും കുര്യന്‍ പറഞ്ഞു. ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

താന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ തനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാമെന്നും എന്നാല്‍ താനത് ഗൗനിക്കുന്നില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

പാവപ്പെട്ടയാളുകള്‍ക്ക് വീടുവെച്ച് നല്‍കാനുള്ള ഭൂമി തന്നെ വേണമോ പിണറായി വിജയന്റെ സ്വന്തക്കാര്‍ക്ക് നല്‍കാനെന്നായിരുന്നു വി.ടി ബല്‍റാം ചോദിച്ചത്. പോകുന്ന പോക്കില്‍ കടുംവെട്ടും ആര്‍.എസ്.എസ് പ്രീണനവുമാണ് പിണറായിയുടെ ഇരട്ട ലക്ഷ്യമെന്നും ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഹൗസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലമാണ് യോഗ ഗുരുവില്‍ നിന്ന് ആള്‍ദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആര്‍.എസ്.എസ് സഹയാത്രികന് കൈമാറുന്നതെന്നതായി കാണുന്നതെന്നും ബല്‍റാം പറഞ്ഞിരുന്നു.

പി.ജെ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ശ്രീ എം നെക്കുറിച്ച്
______________________

സംസ്ഥാന ഗവണ്മെന്റ് ശ്രീ.എം ന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള ശ്രീ.വി.ടി ബല്‍റാം MLA യുടെ ഫേയ്‌സ് ബുക്ക് പോസ്റ്റ് എന്റെ ഒരു സുഹൃത്ത് വാട്‌സ് ആപ്പില്‍ തന്നത് വായിച്ചു.

സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ശ്രീ.ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎം-നെ ‘ആള്‍ ദൈവമെന്നും ‘RSS സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ.എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.

എനിക്ക് ശ്രീ.എം മായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ എകതായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള്‍ ദൈവവുമല്ല RSS ഉം അല്ല.

എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്‌കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ഞടട ആകുമോ ?. ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള്‍ ദൈവം ആകുമോ?.

ഒരു MLA ആയ ശ്രീ.ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ.എം ന്റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാന്‍ ആവശ്യമാണ്.

ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൌനിക്കുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: It hurts to describe Sri M as an RSS fellow and a god; PJ Kurian against VT Balram

We use cookies to give you the best possible experience. Learn more