കോഴിക്കോട്: എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണം ആരംഭിച്ചിട്ട് നാല് വര്‍ഷത്തോളമായെന്ന് വെളിപ്പെടുത്തി പ്രതികള്‍.
കഴിഞ്ഞ നാല് വര്‍ഷത്തോളമായി പ്രതികള്‍ എം.ടിയുടെ വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. മോഷണവിവരം പുറത്തുവന്നതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ എം.ടിയുടെ വീട്ടിലെ ജോലിക്കാരിയും ബന്ധുവും മോഷണക്കേസില്‍ അറസ്റ്റിലായിരുന്നു.
ഇതിനുപിന്നാലെയാണ് പ്രതികള്‍ മോഷണവിവരങ്ങള്‍ വെളിപ്പെടുത്തിയത്. കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശന്‍ എന്നിവരാണ് ആസൂത്രിതമായി മോഷണം നടത്തിയത്. 26 പവന്റെ സ്വര്‍ണമാണ് ഇരുവരും ചേര്‍ന്ന് എം.ടിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ചത്.
മൂന്ന് പവന്‍ തൂക്കം വരുന്ന രണ്ട് ജോഡി കമ്മല്‍, മൂന്ന് പവന്റെ വള, ഒരു പവന്റെ ലോക്കറ്റ്, ഡയമണ്ടിന്റെ ഒരു ജോഡി കമ്മല്‍, മൂന്നും നാലും അഞ്ചും പവന്‍ തൂക്കം വരുന്ന മാലകള്‍ എന്നിവയാണ് മോഷ്ടിച്ചത്. സെപ്റ്റംബറിലാണ് പ്രതികള്‍ കൂടുതല്‍ സ്വര്‍ണം സ്ഥലത്ത് നിന്ന് മാറ്റിയത്.
മോഷണം നടന്നുവെന്ന് തിരിച്ചറിഞ്ഞതോടെ എം.ടിയുടെ പങ്കാളി സരസ്വതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സെപ്റ്റംബര്‍ 22ന് അലമാരയില്‍ എടുത്തുവെച്ച സ്വര്‍ണം സെപ്റ്റംബര്‍ 29ന് നോക്കിയപ്പോള്‍ കാണാതെ വന്നതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് വീടിനുള്ളില്‍ പരിശോധന നടത്തുകയും മോഷണം നടന്ന ഇടങ്ങളില്‍ മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നലെയാണ് പൊലീസ് വീടുമായി അടുത്തിടപഴുകുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് ഉറപ്പാക്കുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Content Highlight: It has been four years since the theft at MT’s house