| Friday, 2nd September 2022, 5:56 pm

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിയമസഭയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വളരെ വിലപ്പെട്ട അനുഭവമാണ്: എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: എം.വി. ഗോവിന്ദന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ഒഴിവിലേക്ക് നിലവിലെ സ്പീക്കര്‍ എം.ബി. രാജേഷിനെ മന്ത്രിയാക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് സി.പി.ഐ.എം.

നിയമസഭയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വളരെ വിലപ്പെട്ട അനുഭവമാണെന്ന് എം.ബി. രാജേഷ് പറഞ്ഞു. മന്ത്രിയാക്കാനുള്ള സി.പി.ഐ.എം തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കേരള നിയമസഭ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിയമസഭകളില്‍ ഒന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് സമ്മേളിച്ചതിനേക്കാള്‍ കേരള നിയമസഭ സമ്മേളിക്കുകയുണ്ടായി. നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ അങ്ങേ അറ്റത്തെ അവധാനത പുലര്‍ത്തുന്ന നിയമസഭയാണ് കേരളത്തിന്റേത്. അങ്ങനെ ഒരു സഭയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വളരെ വിലപ്പെട്ട അനുഭവമാണ്,’ എം.ബി. രാജേഷ് പറഞ്ഞു.

സ്പീക്കറായിരുന്നപ്പോള്‍ എ.എന്‍. ഷംസീറിനെ ഉപദേശിച്ച സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘അദ്ദേഹത്തിന് ഇനി എന്നെ ഉപദേശിക്കാനുള്ള അവസരം കിട്ടുകയാണ്,’ എന്നാണ് എം.ബി. രാജേഷ് പ്രതികരിച്ചത്.

അതേസമയം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി. ഗോവിന്ദന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു. സ്പീക്കറായ എം.ബി. രാജേഷിന് പകരം എ.എന്‍. ഷംസീര്‍ സ്പീക്കറാകും. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം.

എം.ബി. രാജേഷിന്റെ വകുപ്പ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായിട്ടില്ല. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും വകുപ്പ് തീരുമാനിക്കുക.

Content Highlight: It has been a valuable experience to preside over the best Legislative Assembly in India says MB Rajesh

We use cookies to give you the best possible experience. Learn more