താൻ ഒരു അഭിനയ ഭ്രാന്തനാണെന്നും ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 കൊല്ലമായെന്നും മമ്മൂട്ടി. തന്നെ സിനിമാനടൻ ആക്കിയില്ലെങ്കിൽ സിനിമയ്ക്ക് തീ പിടിക്കുമെന്ന് പണ്ട് താൻ പറഞ്ഞിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒരു നടനാവാൻ അത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടെന്നും തന്നെ തട്ടികളയാൻ മലയാള സിനിമയ്ക്ക് പറ്റുകയില്ലെന്നും താരം പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമയിലേക്ക് വരുന്നതിന് മുൻപ് ഞാനൊരു അഭിനയ ഭ്രാന്തനായിരുന്നു. ഇപ്പോഴും ഞാൻ അഭിനയ ഭ്രാന്തനുമാണ്. ഇന്നല്ല പണ്ടുമുതലേ തുടങ്ങിയതാണ്. അല്ലെങ്കിൽ ഞാൻ സിനിമാനടൻ ആവുകയില്ല. ഞാൻ സിനിമാനടൻ ആയില്ലെങ്കിൽ സിനിമയ്ക്ക് തീ പിടിക്കുമെന്ന് ഞാൻ ഒരുനാൾ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയ്ക്ക് എന്നെ സിനിമാനടൻ ആക്കിയേ ഒക്കുകയുള്ളൂ. അത്രത്തോളം ഞാൻ ഇതിന് മോഹിച്ചതാണ്. അല്ലാതെ എന്നെ തട്ടി കളയാൻ സിനിമയ്ക്ക് പറ്റുകയില്ല.
എന്നെപ്പോലെ സിനിമയെ മോഹിക്കുന്ന ഒത്തിരി പിള്ളേര് ഉണ്ട്. അവർക്ക് അവരുടേതായ അവസരം വരുമ്പോൾ അവർ വരുമായിരിക്കും,’ മമ്മൂട്ടി പറഞ്ഞു.
ഒരു സിനിമാനടനാവാൻ മോഹിച്ചിട്ട് മാത്രം കാര്യമില്ലെന്നും അതിന് കഠിനമായി അധ്വാനിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. എല്ലാവർക്കും പറ്റിയ പണിയാണെന്നാണ് പലരുടെയും വിചാരമെന്നും ഒരു കഥാപാത്രത്തിന് വേണ്ടി താനൊക്കെ ഒരുപാട് പ്രയത്നിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
‘വെറുതെ മോഹിച്ചിട്ട് കാര്യമില്ല. എല്ലാവരുടെയും വിചാരം സിനിമയിൽ അഭിനയിക്കാം എന്നാണ്. ‘ അച്ഛൻ വീട്ടിലേക്ക് ചെല്ലുമ്പോൾ മക്കൾ പഠിക്കുകയുമില്ല, ജോലിക്ക് പോകാനോ എസ്റ്റേറ്റ് നോക്കാനോ പറഞ്ഞാൽ ചെയ്യത്തുമില്ല ഇവനെ സിനിമയിലേക്ക് എടുക്കുമോ’ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.
അങ്ങനെയൊന്നും സിനിമയിൽ അഭിനയിക്കാൻ കഴിയില്ല, ചിലപ്പോൾ ഒരു പടമൊക്കെ ചെയ്യാം. ഒരു നടൻ എന്ന രീതിയിൽ നിൽക്കണം എന്നുണ്ടെങ്കിൽ നല്ല അധ്വാനമുള്ള കാര്യമാണ്. നമ്മൾ അഭിനയിച്ചുകൊണ്ട് നിൽക്കുമ്പോൾ വെറുതെ അങ്ങോട്ട് സംഭവിക്കുന്നതല്ല. ബാക്കിയുള്ള സാധാരണ മനുഷ്യരുടെ തലച്ചോറിൽ സംഭവിക്കാത്ത കാര്യങ്ങൾ നമ്മുടെ തലച്ചോറിൽ സംഭവിക്കുന്നുണ്ട്. ദേഷ്യം വരുമ്പോൾ നമ്മുടെ രോമമൊക്കെ എഴുന്നേറ്റു നിൽക്കും, അഡ്രിനൽ പ്രവർത്തിക്കും, വിയർക്കും എല്ലാം സംഭവിക്കും,’വിജയരാഘവൻ പറഞ്ഞു.
താൻ ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 കൊല്ലമായെന്ന് മമ്മൂട്ടി ഈ സമയത്ത് കൂട്ടി ചേർത്തു. ‘അഭിനയിക്കുമ്പോൾ ബി.പി ഒക്കെ കൂടും വിയർക്കും, ഒക്കെ ചെയ്യും.ഞാൻ ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 കൊല്ലമായി,’മമ്മൂട്ടി പറഞ്ഞു.
‘സാധാരണ മനുഷ്യന് ഒരു കാരണമുണ്ടായിട്ടാണ് പ്രതികരിക്കുന്നത്, എന്നാൽ നമ്മൾ കാര്യമുണ്ടാക്കിയിട്ടാണ് പ്രതികരിക്കുന്നത്. സ്വിച്ചിട്ട പോലെയാണ് നമ്മൾ കാര്യങ്ങൾ ചെയ്യുന്നത്. സ്റ്റാർട്ട് ക്യാമറ എന്ന് പറയുമ്പോൾ തുടങ്ങുക കട്ട് എന്നുപറയുമ്പോൾ തീർക്കുക . വിജയരാഘവൻ അല്ലെങ്കിൽ മമ്മൂസ്, നമ്മൾ തന്നെ നിയന്ത്രിക്കുകയാണ് എങ്ങനെ നോക്കണം എങ്ങനെ പ്രവർത്തിക്കണം എന്നത്. 100% നമ്മുടെ നിയന്ത്രണത്തിലാണ് ആ കഥാപാത്രം മുന്നോട്ടുപോകുന്നത്. എന്നാൽ കഥാപാത്രം നമ്മളിൽ നിന്നും വളരെ വ്യത്യസ്തമാണ് താനും. ഇത് ചുമ്മാ നടക്കുന്ന കാര്യമല്ല. വലിയ വാചകത്തിൽ പറയുന്നതല്ല അനുഭവത്തിൽ നിന്നും പറയുന്നതാണ്,’ വിജയ രാഘവൻ പറഞ്ഞു.
Content Highlight: It has been 25 years since Mammootty acted with glycerin