| Tuesday, 24th September 2024, 11:02 am

ലോകം കീഴടക്കിയ ഇന്ത്യൻ വിജയഗാഥ; പാകിസ്ഥാനെ തകർത്ത ധോണിപ്പടക്ക് ഇന്ന് 17 വയസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ആദ്യ ടി-20 ലോക കിരീടം സ്വന്തമാക്കിയിട്ട് ഇന്നേക്ക് 17 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2007 സെപ്റ്റംബര്‍ 24നാണ് എം.എസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ രാജാക്കന്മാരായത്. പാകിസ്ഥാനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ചാമ്പ്യന്‍മാരായത്.

സൗത്ത് ആഫ്രിക്കയിലെ ജോഹനാസ് ബര്‍ഗില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 19.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഗൗതം ഗംഭീര്‍ അര്‍ധസെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 54 പന്തില്‍ 75 റണ്‍സ് നേടിയാണ് ഗംഭീര്‍ തിളങ്ങിയത്. എട്ട് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഗംഭീറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 16 പന്തില്‍ പുറത്താവാതെ 30 റണ്‍സ് ആയിരുന്നു രോഹിത് നേടിയത്. രണ്ട് ഫോറുകളും ഒരു സിക്‌സുമാണ് താരം അടിച്ചെടുത്തത്.

പാകിസ്ഥാന്‍ ബൗളിങ്ങില്‍ ഉമര്‍ ഗുല്‍ മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി. മുഹമ്മദ് ആസിഫ്, സോഹൈല്‍ തന്‍വീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഇര്‍ഫാന്‍ പത്താന്‍, ആര്‍.പി സിങ് എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. ജോഗിന്ദര്‍ ശര്‍മ രണ്ടു വിക്കറ്റും എസ്. ശ്രീശാന്ത് ഒരു വിക്കറ്റും നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

പാകിസ്ഥാനായി അവസാന ഓവറുകള്‍ വരെ പൊരുതി മിസ്ബാ ഉള്‍ ഹഖ് പാകിസ്ഥാനെ വിജയത്തില്‍ എത്തിക്കും എന്ന് തോന്നിയ നിമിഷത്തില്‍ ആയിരുന്നു ശ്രീശാന്തിന്റെ അവിശ്വസനീയമായ ക്യാച്ചിലൂടെ ഇന്ത്യ ആദ്യ ടി-20 കിരീടം നേടിയത്.

38 പന്തില്‍ 43 റണ്‍സ് നേടിയാണ് മിസ്ബ പുറത്തായത്. നാല് സിക്‌സുകളാണ് താരം അടിച്ചെടുത്തത്. ഇമ്രാന്‍ നസീര്‍ 14 പന്തില്‍ 33 റണ്‍സും നേടി. നാല് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഇമ്രാന്‍ നേടിയത്.

Content Highlight: It has been 17 years since the Indian cricket team won the first T20 world title

We use cookies to give you the best possible experience. Learn more