| Tuesday, 13th February 2024, 10:48 am

'ഇതിപ്പോള്‍ ഫാഷനായി മാറിയിരിക്കുന്നു': ഉജ്ജയിനിലെ ബുള്‍ഡോസര്‍ രാജിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ക്രിമിനല്‍ കേസുകളില്‍ പേര് വന്നവരുടെ വീടുകള്‍ മുന്നറിപ്പുകളൊന്നും കൂടാതെ ഇടിച്ചുപൊളിക്കുന്ന കോര്‍പ്പറേഷന്റെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷവിമര്‍ശനവുമായി മധ്യപ്രദേശ് ഹൈക്കോടതി.

കൃത്യമായ നടപടികളൊന്നും കൂടാതെ വീടുകള്‍ ഇടിച്ചു നിരത്തുന്നത് ഭരണകൂടത്തിന് ഇപ്പോള്‍ ഫാഷനായെന്ന് കോടതി പറഞ്ഞു. വീടുകള്‍ പൊളിച്ചുമാറ്റിയതിനെതിരെ ഉജ്ജയിന്‍ സ്വദേശികള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെ നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. വീട് പൊളിച്ചത് നിയമവിരുദ്ധമാണെന്ന് വിധിച്ച കോടതി ഹരജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചു.

ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തില്‍ ഉടനീളം നടത്തിക്കൊണ്ടിരിക്കുന്ന ബുള്‍ഡോസര്‍ രാജിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

ആളുകളുടെ വീടുകള്‍ ഇടിച്ചുപൊളിക്കുന്നതും ആ പൊളിച്ച വാര്‍ത്ത വളരെ പ്രാധാന്യത്തില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കാളിത്തമുണ്ട്, കോടതി പറഞ്ഞു.

ഉജ്ജെയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അനധികൃതമായി വീടുകള്‍ തകര്‍ത്ത രണ്ട് പേരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ തങ്ങളുടെ നോട്ടീസുകള്‍ക്ക് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹരജിക്കാരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ പൊളിച്ചതെന്നാണ് കോര്‍പ്പറേഷന്‍ കമ്മീഷണര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.

നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് അധികാരികളെ വിമര്‍ശിച്ച ഹൈക്കോടതി, ഉജ്ജൈന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (യു.എം.സി) അനധികൃതമായി വീടുകള്‍ തകര്‍ത്ത ഹരജിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരത്തിന് വിധിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും യു.എം.സി കമ്മീഷണറോട് കോടതി നിര്‍ദ്ദേശിച്ചു.

കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ സിവില്‍ കോടതി വഴി അപേക്ഷകര്‍ക്ക് അവസരമുണ്ടാകുമെന്നും കോടതി പറഞ്ഞു.

‘നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ വീടുകള്‍ പൊളിക്കുന്നത് പ്രാദേശിക ഭരണകൂടത്തിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുന്നു. സ്വാഭാവിക നീതി പോലും ഇരകള്‍ക്ക് ലഭിക്കുന്നില്ല.

ഈ കേസിലും ഹര്‍ജിക്കാരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന് പിന്നാലെയാണ് പൊളിക്കല്‍ നടപടി തുടങ്ങിയത്.

ശരിയായ അനുമതിയില്ലാതെയോ ചട്ടങ്ങള്‍ പാലിക്കാതെയോ വീട് നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ ഒരു വീട് പൊളിക്കുക എന്നത് ഏറ്റവും അവസാന നടപടിയായി മാത്രം കാണേണ്ട ഒന്നാണ്. ന്യായമായ അവസരം ഇരകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമപ്രകാരം അനധികൃത നിര്‍മാണം നടത്തിയതിനാലാണ് പൊളിച്ചുനീക്കുന്നതെന്ന് യു.എം.സി കോടതിയില്‍ വാദിച്ചിരുന്നു. വീടുകളുടെ ഉടമാസ്ഥാവകാശവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വീടിന്റെ യഥാര്‍ത്ഥ ഉടമയായി ആരുടെ പേരാണോ രേഖയിലുള്ളത് അവര്‍ക്ക് നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

Content Highlight: It has become fashionable now’: Madhya Pradesh High Court raps bulldozer action in Ujjain

We use cookies to give you the best possible experience. Learn more