ജയ്പുര്‍: സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ താന്‍ ദൈവമല്ലെന്നും ഒരു സംസ്ഥാനത്തു മാത്രം നടക്കുന്ന അസാധാരണ സംഭവമല്ല ആള്‍കൂട്ട കൊലപാതകമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. അല്‍വാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ന്യൂസ് 18ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രതികരണം.
മാന്യമായ തൊഴില്‍ ലഭിക്കാത്തതിന്റെ അമര്‍ഷം കൊണ്ടുണ്ടാകുന്ന നിസ്സാഹായതയാണ് പലപ്പോഴും ആള്‍കൂട്ട മര്‍ദ്ദനങ്ങളുടെ കാരണമെന്നും ഇത് എല്ലാ സ്ഥലത്തും കാണുന്നതാണെന്നും ഒരു സംസ്ഥാനത്തെ ആളുകളില്‍ മാത്രം കാണുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ആല്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അക്ബറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അക്ബറിന്റെ കൈയിലേയും കാലുകളിലേയും അസ്ഥികള്‍ പൊട്ടിനുറുങ്ങിയ നിലയിലായിരുന്നെന്നും ശരീരത്തിലാകമാനം 12 ഇടത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. വലിയ തോതില്‍ ആന്തരിക രക്തസ്രാവമുണ്ടായെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അക്രമികള്‍ വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തിയെന്നും അതിന് ശേഷമായിരുന്നു ക്രൂരമര്‍ദ്ദനമെന്നും അക്ബറിനൊപ്പമുണ്ടായിരുന്ന അസ്ലം നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാരകായുധങ്ങളുമായിട്ടായിരുന്നു അക്രമികള്‍ എത്തിയതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല തങ്ങള്‍ ബി.ജെ.പി എം.എല്‍.എയുടെ ആളുകളാണെന്ന് ഇവര്‍ പൊലീസിനോട് പറയുന്നത് കേട്ടതായും അസ്ലം വെളിപ്പെടുത്തിയിരുന്നു.