| Monday, 14th November 2022, 4:56 pm

പുഴുവില്‍ ഞാനും മമ്മൂക്കയും ഒന്നിച്ചുവന്നത് പ്രപഞ്ചത്തിന്റെ ഒരു ഗൂഢാലോചന ആയിട്ടാണ് തോന്നിയത്: പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുഴു എന്ന ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്നതാണ് ഏറ്റവുമധികം ശ്രദ്ധ നേടിയ കാര്യം. കസബ എന്ന ചിത്രത്തിന്മേല്‍ പാര്‍വതി നടത്തിയ വിമര്‍ശനവും തുടര്‍ന്നുണ്ടായ സൈബര്‍ അറ്റാക്കും തന്നെയാണ് അതിന് കാരണമായത്. താന്‍ പറഞ്ഞതിനെ തെളിയിക്കാന്‍ പോകുന്നതാണ് പുഴു എന്ന സിനിമ എന്നും പിന്നീട് പാര്‍വതി പറഞ്ഞിരുന്നു.

പുഴു എന്ന സിനിമയില്‍ താനും മമ്മൂട്ടിയും ഒന്നിച്ച് വന്നത് പ്രപഞ്ചത്തിന്റെ ഒരു ഗൂഡാലോചന ആണെന്ന് പറയുകയാണ് പാര്‍വതി. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.

‘ഹര്‍ഷദിക്ക അത് എഴുതുന്നതും മമ്മൂട്ടിയെ പോലൊരു ആക്ടര്‍ ആ കഥാപാത്രം തന്നെ ഏറ്റെടുത്ത് ചെയ്യാന്‍ തയാറാവുന്നതും ആ സിനിമയുടെ ഭാഗമാവാന്‍ എനിക്കും അവസരം കിട്ടുന്നതും പ്രപഞ്ചത്തിന്റെ ഗൂഢാലോചന (universal conspiracy ) ആയിട്ടാണ് എനിക്ക് തോന്നിയത്. എല്ലാവരും നല്ല ആളുകളാകണമെന്നല്ല ഞാന്‍ ഒരിക്കലും പറഞ്ഞിട്ടുള്ളത്. പക്ഷേ തെറ്റായ വ്യക്തികളെ കാണിക്കുമ്പോള്‍ അത് ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാന്‍ പറ്റും എന്നുള്ളതിന്റെ ടെസ്റ്റമെന്റാണ് പുഴു എന്ന സിനിമ.

പുളിയോ എരിവോ ഉള്ള മരുന്ന് എന്ത് മധുരത്തില്‍ മുക്കി ചാലിച്ച് കൊടുക്കണമെന്നുള്ളത് മനസിലാക്കാന്‍ പഠിക്കണം. കുട്ടനെ പോലൊരു കഥാപാത്രമായി സാധാരണ ഇത്തരം റോള്‍ ചെയ്യുന്ന ഒരു ആക്ടറിനെ വെച്ചാല്‍ അതില്‍ പുതുമയെന്താണുള്ളത്. 70 മുതല്‍ 90 ശതമാനം വരെ വില്ലന് സ്‌പേസ് കൊടുക്കുമ്പോള്‍, ഇഷ്ടപ്പെടുന്ന ഒരു നടനാണെങ്കില്‍ ആദ്യത്തെ രണ്ടുമൂന്ന് സീനില്‍ ഇഷ്ടം തന്നെയാണ് തോന്നുക. പിന്നെ അയാളുടെ ഓരോരോ ചെയ്തികളും നമുക്ക് തന്നെയാണ് കൊള്ളുക. ഇയാളെന്താ ഇങ്ങനെ ചെയ്യുന്നത് എന്ന് തോന്നും. നമ്മുടെ ഉള്ളില്‍ തന്നെയാണ് ഈ തോന്നലുകള്‍ മാറുക. അതൊരു ട്രോജന്‍ ഹോഴ്‌സ് ടെക്‌നിക്കാണ്. ഉണ്ടാക്കികൊടുക്കുന്നത് ഒരു കുതിര ആണെങ്കിലും അതിനുള്ളില്‍ യുദ്ധം ചെയ്യാനുള്ള ഭടന്മാരാണുള്ളത്.

ചെയ്യുന്നത് ശരിയാണെന്ന് കരുതി ജീവിക്കുന്ന ഒരാളാണ് കുട്ടന്‍. ചെയ്യുന്നതില്‍ തെറ്റുണ്ടെന്ന് അയാള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥ ജീവിതത്തിലുള്ള എല്ലാ കുട്ടന്മാരും അങ്ങനെ തന്നെയാണ്. അതാണ് ഏറ്റവും കൂടുതല്‍ നോക്കുന്ന കാര്യം.

ഒരുപാട് പൊളിടിക്‌സ് അതില്‍ പറഞ്ഞിട്ടുണ്ട്. ജാതിയുടെ രാഷ്ട്രീയം ഏറ്റവും ഉയര്‍ന്ന അളവില്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്. കാസ്റ്റ് പൊളിടിക്‌സ് നോക്കുമ്പോള്‍ അപ്പര്‍ കാസ്റ്റിന്റെ കയ്യില്‍ തന്നെയാണ് പവറുള്ളത്. മറ്റ് ജാതിയിലുള്ളവരെല്ലാം ശരിയാണെന്നല്ല പറയുന്നത്. പക്ഷേ ഈ പ്രമേയം പറയണമെങ്കില്‍ ഇത് ഇങ്ങനെ തന്നെ പറയണം. പക്ഷേ ഇത് നടന്നിട്ടുള്ള കാര്യമാണ്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എത്രയോ കുട്ടന്മാരെ നമുക്ക് അറിയാം. പല കുട്ടന്മാരും ഇങ്ങനെ പലതും ചെയ്യുമ്പോഴും നമ്മള്‍ കുറ്റം പറയാറില്ല,’ പാര്‍വതി പറഞ്ഞു.

Content Highlight: It felt like a conspiracy of the universe when Mammooka and I came together in Puzhu, says Parvathy Thiruvothu

Latest Stories

We use cookies to give you the best possible experience. Learn more