| Friday, 26th August 2022, 5:18 pm

എല്ലാ കാര്യത്തിലും മുഖ്യമന്ത്രി മിണ്ടാതിരുന്നിട്ട് കാര്യമില്ല, മറുപടി പറഞ്ഞേ മതിയാകൂ: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വി.സി പുനര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ അതീവ ഗൗരവതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കണ്ണൂര്‍ എന്റെ ജില്ലയാണെന്നും അതിനാല്‍ കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നല്‍കേണ്ടത് തന്റെ വ്യക്തിപരമായ ആവശ്യമാണാണെന്നും, മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് കൊണ്ടാണ് പുനര്‍നിയമനം നല്‍കിയതെന്നുമാണ് ഗവര്‍ണറുടെ ആരോപണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

എല്ലാ കാര്യത്തിലും മുഖ്യമന്ത്രി മിണ്ടാതിരുന്നിട്ട് കാര്യമില്ല. ഗവര്‍ണറെ സ്വാധീനിച്ച് സര്‍വകലാശാല നിയമങ്ങളെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി വി.സിക്ക് പുനര്‍നിയമനം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നാണ് ആരോപണം.

പ്രതിപക്ഷമല്ല, സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറാണ് മുഖ്യമന്ത്രിക്കെതിരെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇങ്ങനെയാണോ സര്‍വകലാശാലയെ നിയന്ത്രിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പരിതാപകരമായ അവസ്ഥയിലാണ് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്യുന്നത്. വലിയതുറയില്‍ മാത്രം അഞ്ച് വരി വീടുകളാണ് കടലെടുത്തത്. വലിയ തുറയില്‍ സിമെന്റ് ഗോഡൗണില്‍ കഴിയുന്നവരെ വാടക വീടുകളിലേക്കെങ്കിലും മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണം. അതിനുശേഷം സ്ഥിരമായി പുനരധിവസിപ്പിക്കണം. അതിനൊന്നും സര്‍ക്കാര്‍ തയ്യാറല്ല.

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ ഗൗരവത്തില്‍ എടുക്കുന്നതിന് പകരം സമരം സര്‍ക്കാരിന് എതിരാണെന്ന നിലപാടില്‍ പോകുന്നത് ശരിയല്ല. മത്സ്യത്തൊഴിലാളികളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. സര്‍ക്കാരിന്റെ കൂടി അറിവോടെയാണ് അദാനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സമരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാരും അദാനിയും നടത്തുന്നത്. സമരത്തില്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

തുറമുഖ നിര്‍മാണം പുരോഗമിക്കുമ്പോള്‍ തീരദേശത്തെ മൂവായിരത്തോളം വീടുകളെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് 471 കോടിയുടെ നഷ്ടപരിപരിഹാര പാക്കേജിന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ പുനരധിവാസ പദ്ധതി നടപ്പാക്കാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അദാനിക്കൊപ്പം കൂടിയിരിക്കുകയാണ്.

മത്സ്യത്തൊഴിലാളികളുടെ സമരം ഗൂഢാലോചനയാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാരിനെതിരെ ആര് സമരം ചെയ്താലും അവരൊക്കെ മാവോയിസിറ്റുകളും നക്സലൈറ്റുകളുമൊക്കെയാണെന്നത് സര്‍ക്കാരിന്റെയും സി.പി.ഐ.എമ്മിന്റെയും സ്ഥിരം നിലപാടാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെ യുദ്ധത്തിനില്ലെന്നും ഇത് തന്റെ കൂടെ സര്‍ക്കാരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഏത് സമയത്തും രാജ്ഭവനിലേക്ക് വരാമെന്നും ആശയ വിനിമയത്തിന് തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം

‘കണ്ണൂര്‍ വി.സി രാഷ്ട്രീയ മേലാളന്മാരെ സേവിക്കുന്നു, അതാണ് തന്റെ ചുമതലയെന്നാണ് അദ്ദേഹം കരുതുന്നത്. രാഷ്ട്രീയക്കാരനെ പോലെ കേന്ദ്രത്തെ വിമര്‍ശിക്കുന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Content Highlight: It does not matter if the Chief Minister is silent on everything; Says Opposition Leader VD Satheeshan

We use cookies to give you the best possible experience. Learn more