national news
'പത്രപ്രവർത്തനത്തിന്റെ പൊതുലക്ഷ്യങ്ങൾ നിറവേറ്റുന്നില്ല'; ദി റിപ്പോർട്ടേഴ്‌സ് കളക്ടീവിന്റെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പദവി റദ്ദാക്കി ആദായനികുതി വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 29, 08:04 am
Wednesday, 29th January 2025, 1:34 pm

ന്യൂദൽഹി: ഡിജിറ്റൽ മീഡിയ ഔട്ട്‌ലെറ്റായ ദി റിപ്പോർട്ടേഴ്‌സ് കളക്ടീവിൻ്റെ (ടി.ആർ.സി) ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനം എന്ന പദവി റദ്ദാക്കി ആദായ നികുതി വകുപ്പ്.

ആർ.എസ്.എസ് , ഭാരതീയ ജനതാ പാർട്ടി സഖ്യകക്ഷികൾ തുടങ്ങിയവർ സൈനിക സ്‌കൂളുകളുടെ അധികാരം ഏറ്റെടുത്ത് കാവിവത്ക്കരണം നടത്തുന്നുവെന്നത് പോലുള്ള സുപ്രധാന വിവരങ്ങൾ പുറത്തുകൊണ്ടുവന്നിട്ടും ടി.ആർ.സിയുടെ പത്രപ്രവർത്തനം പൊതുലക്ഷ്യം നിറവേറ്റുന്നില്ലെന്ന് ആദായ നികുതി വകുപ്പ് അവകാശപ്പെടുന്നു.

ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നേട്ടം ബി.ജെ.പിക്കായിരുന്നു എന്ന വിവരവും ടി.ആർ.സി തന്നെയാണ് പുറത്ത് വിട്ടത്.

‘ഒരു അനൗപചാരിക ഗ്രൂപ്പായിട്ടാണ് ഞങ്ങൾ ആരംഭിച്ചത്. 2021 ജൂലൈ മുതൽ ഞങ്ങൾ ഔപചാരികമായി രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാദി പ്രവർത്തിക്കുന്ന ട്രസ്റ്റായി നിലവിലുണ്ട്. എന്നാൽ ഇപ്പോൾ നികുതി അധികാരികൾ ഞങ്ങളുടെ ലാഭേച്ഛയില്ലാത്ത പദവി റദ്ദാക്കി. ഞങ്ങളുടെ പത്രപ്രവർത്തനം പൊതുലക്ഷ്യങ്ങൾ നിറവേറ്റുന്നില്ല അതിനാൽ ഇന്ത്യയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു മാധ്യമസ്ഥാപനമായി തുടരാൻ സാധിക്കില്ലെന്നും അവർ പറയുന്നു,’ ടി.ആർ.സി ഇന്നലെ (ജനുവരി 28) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അന്വേഷണാത്മക പത്രപ്രവർത്തനം നടത്താനുള്ള തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി നിയമപരമായി മുന്നോട്ട് പോകുമെന്നും ടി.ആർ.സി പറഞ്ഞു.

‘ശരിയായ പത്രപ്രവർത്തനം വഴി നമ്മുടെ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമായ പൊതുസേവനമാണെന്ന് നടത്തുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ശരിയായി ചെയ്യുന്ന പത്രപ്രവർത്തനം പൊതുനന്മയാണ്. അന്വേഷണാത്മക പത്രപ്രവർത്തനം വഴി ഞങ്ങൾ പൗരന്മാരെ, പ്രത്യേകിച്ച് ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സഹായിക്കുകയും സേവിക്കുകയും ചെയ്യുന്നു.

ആദ്യം മുതൽ ഞങ്ങൾ ഒരു ലാഭേച്ഛയില്ലാതെയും, എല്ലാ ഇന്ത്യൻ നിയമങ്ങളും പാലിച്ചുകൊണ്ടും, ഭയപ്പെടുകയോ ആരെയും പ്രീതിപ്പെടുത്തുകയോ ചെയ്യാതെ,സ്ഥിരമായ പൊതു ലക്ഷ്യത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഞങ്ങളുടെ പദവി റദ്ദാക്കിയ ഉത്തരവ് ജോലി ചെയ്യാനുള്ള ഞങ്ങളുടെ കഴിവിനെ സാരമായി ബാധിക്കും.

ഇത് രാജ്യത്തെ സ്വതന്ത്ര പത്രപ്രവർത്തനത്തിന് എതിരെയുള്ള ഭീഷണിയാണ്. പത്രപ്രവർത്തനം എന്ന ആശയം പൊതുനന്മയായി സംരക്ഷിക്കുന്നതിനും തടസങ്ങളോ ഭീഷണികളോ ഇല്ലാതെ അന്വേഷണാത്മക പത്രപ്രവർത്തനം നടത്താനുള്ള ഞങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് ഞങ്ങൾ നിയമപരമായി മുന്നോട്ട് പോകും,’ ടി.ആർ.സി പറഞ്ഞു.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പദവി ഒഴിവാക്കുന്നത് ഔട്‌ലെറ്റിൻ്റെ നികുതിയിളവുകളെ ബാധിക്കും. ആദായനികുതി വകുപ്പിൻ്റെ ഉത്തരവിനെതിരെ ഔലെറ്റിന് അപ്പീൽ സമർപ്പിക്കാവുന്നതാണ്. കർണാടകയിൽ സുപ്രധാനമായ വിവിധ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുള്ള കന്നഡ വെബ്സൈറ്റ് ദി ഫയലിനും സമാനമായ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ആദായ നികുതിയുടെ 12 എ. 80 ജി എന്നിവയ്ക്ക് കീഴിൽ നൽകിയ ഇളവുകൾ റദ്ദാക്കിയതായി ഉത്തരവിൽ പറയുന്നു.

 

Content Highlight: IT Dept Revokes The Reporters’ Collective’s Non-Profit Status