ബീഹാറില്‍ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
Bihar Election
ബീഹാറില്‍ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd October 2020, 7:52 pm

പാട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പാട്‌നയിലെ കോണ്‍ഗ്രസ് ഓഫീസിലെത്തിയ ഒരാളില്‍ നിന്ന് 10 ലക്ഷം രൂപ പിടികൂടിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി.

ഓഫീസിലെ പണം പാട്‌നയിലെ ഒരാള്‍ക്ക് കൈമാറാനുള്ളതാണെന്ന് പിടിക്കപ്പെട്ടയാള്‍ ആദായ നികുതി വകുപ്പിനോട് പറഞ്ഞിരുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും കോണ്‍ഗ്രസില്‍ ആരാണ് ഈ വ്യക്തിക്ക് പണം നല്‍കിയതെന്നും ആദായ നികുതി വകുപ്പിന്റെ നോട്ടീസില്‍ ചോദിക്കുന്നുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നടപടിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഒക്ടോബര്‍ 28 നാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതിനിടെ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ സൗജന്യ വാക്‌സിന്‍ വിവാദത്തിലാകുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.

ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കൊവിഡ് വാക്‌സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപി. കൊവിഡിനൊപ്പം ബി.ജെ.പിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ജെയ്വര്‍ ഷെര്‍ഗില്‍ പറഞ്ഞത്.

ബി.ജെ.പിക്കെതിരെ ആര്‍.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വാക്‌സിന്‍ രാജ്യത്തിന്റേതാണ്, ബി.ജെ.പിയുടേതല്ല എന്നാണ് ആര്‍.ജെ.ഡിയുടെ പ്രതികരണം.

രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് വാക്‌സിനില്‍ രാഷ്ട്രീയം കളിച്ചതോടെ മനസ്സിലായെന്നും ആര്‍.ജെ.ഡി പറഞ്ഞു. ബീഹാറിലെ ജനങ്ങള്‍ ആത്മാഭിമാനമുള്ളവരാണെന്നും കുട്ടികളുടെ ഭാവി പണയം വെയ്ക്കരുതെന്നും രാഷ്ട്രീയ ജനതാദള്‍ ട്വീറ്റ് ചെയ്തു.

ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭിക്കില്ലേ എന്നാണ് ആം ആദ്മി പാര്‍ട്ടി ചോദിച്ചത്.

അതേസമയം, കൊവിഡ് -19 വാക്‌സിന്‍ വരുന്നതിന് മുന്‍പ് തന്നെ അത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാറിയിരിക്കുന്നെന്നും എല്ലാ സംസ്ഥാനങ്ങളോടും ഒരുപോലെ കാണേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നുമാണ് ശിവസേന ചോദിച്ചത്.

കൊറോണ വൈറസ് വാക്‌സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

എന്‍.ഡി.എ ഭരണത്തിന്‍ കീഴില്‍ ബീഹാറിലെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കുത്തനെ വര്‍ധനയുണ്ടായതായി നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടിരുന്നു. ബീഹാറിലെ ജി.ഡി.പി മൂന്ന് ശതമാനത്തില്‍ നിന്ന് 11.3 ശതമാനമായി ഉയര്‍ന്നുവെന്നന്നും അവര്‍ പറഞ്ഞു.

അതേസമയം, ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  IT Department Issues Notice to Bihar Congress