'തലമുറമാറ്റം' എന്നൊന്നും പറഞ്ഞ് നിസാരവത്ക്കരണം വേണ്ട, വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചക്ക് പറയാം; ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ നടി രേവതി സമ്പത്ത്
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. തീരുമാനത്തെ ‘തലമുറമാറ്റം’ എന്നൊന്നും പറഞ്ഞ് നിസാരവത്ക്കരണം വേണ്ടെന്നും വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചക്ക് പറയാമെന്നും രേവതി പറഞ്ഞു.
ശൈലജ ടീച്ചറിന്റെ ഭരണമികവില്‍ അസ്വസ്ഥമായതും പേടിക്കുന്നതും പ്രതിപക്ഷം മാത്രം അല്ല, ഭരണപക്ഷം കൂടെ ആണെന്നും അവര്‍ പറഞ്ഞു. രണ്ടിലെയും ആണ്‍ബോധങ്ങള്‍ ഒന്ന് തന്നെ. ‘പെണ്ണിനെന്താ കുഴപ്പം’എന്ന അടി വീണത് എവിടെയൊക്കെയാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും രേവതി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
ഗായിക സിത്താര കൃഷ്ണകുമാറും ശൈലജ ടീച്ചറെ മാറ്റിയ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നെന്നും 5 വര്‍ഷത്തെ പരിചയം ചെറുതല്ലെന്നും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു. ടീച്ചറില്ലാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും സിത്താര പറഞ്ഞു.
അതേസമയം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്നായിരുന്നു കെ.കെ ശൈലജയുടെ പ്രതികരണം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അംഗീകരിക്കുമെന്നും ശൈലജ പറഞ്ഞു.
പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയത്.
കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
പുതിയ മന്ത്രിസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, സജി ചെറിയാന്‍, വി. അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ് എന്നിവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.