[]തിരുവനന്തപുരം: ദേശാഭിമാനിയുടെ മാഞ്ഞാലിക്കുളത്തുള്ള ഭൂമി വിവാദ വ്യവസായി വി.എം രാധാകൃഷ്ണന് വിറ്റത് വിവാദമാവുന്നു.
പാര്‍ട്ടി പ്ലീന ദിവസം വി.എം രാധാകൃഷ്്ണന്റെ പരസ്യം മുന്‍പേജില്‍ കൊടുത്തത് വിവാദമായതിന്റെ ക്ഷീണം മാറും മുമ്പാണ് ദേശാഭിമാനിക്ക് അടുത്ത അടി.
മാഞ്ഞാലിക്കുളത്തുള്ള 32.5 സെന്റ് സ്ഥലവും ബഹുനില കെട്ടിടവുമാണ് രാധാകൃഷ്ണന് ദേശാഭിമാനി വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് ഇടപാടുകള്‍ നടന്നത്.
രാധാകൃഷ്ണന്റെ ബിനാമിയായ ഡാനിഷ് ചാക്കോ എന്നയാളാണ് രാധാകൃഷ്ണന് വേണ്ടി ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടവും ഭൂമിയും വാങ്ങിയിരിക്കുന്നത് എന്നാണ് രേഖകള്‍ കാണിക്കുന്നത്.
സംഭവം ചര്‍ച്ചയാവുമ്പോഴും ഇതുവരെ സി.പി.ഐ.എം നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
മൂന്നരക്കോടി രൂപയ്ക്കാണ് ദേശാഭിമാനിയുടെ പക്കല്‍ നിന്ന് രാധാകൃഷ്ണന്‍ ഭൂമി വാങ്ങിയത്.
രാധാകൃഷ്ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരനായ ഡിനീഷ് .കെ.ചാക്കോയെ മൂന്ന് ദിവസത്തേക്ക് ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്റ് ഡെവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ആക്കിയ ശേഷമാണ് ഭൂമി കൈമാറ്റ രേഖകളില്‍ ഒപ്പു വച്ചതെന്നാണ് കണ്ടെത്തല്‍.
ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്റ് ഡെവലപേഴ്‌സ് എന്ന സ്ഥാപനം കമ്പനി രജിസ്ട്രാര്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനും 11നും നല്‍കിയ രേഖകളില്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ വി.എം രാധാകൃഷ്ണന്‍ തന്നെയാണ്.
ജൂലൈ ആറിന് രാധാകൃഷ്ണന്‍ ഡയറക്ടര്‍ സ്ഥാനം രാജി വെക്കുന്നു. ശേഷം ജൂലൈ 17ന് കമ്പനി സമര്‍പ്പിച്ച രേഖയിലാണ് ചാനിഷ്.കെ.ചാക്കോ ഡയറക്ടറാണെന്ന് വ്യക്തമാവുന്നത്.
ഇതേ ദിവസം തന്നെയാണ് ദേശാഭിമാനിയുമായി ഭൂമിയിടപാട് നടക്കുന്നതും. ഇതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ ഫോറം 32ല്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ വി.എം രാധാകൃഷ്ണന്‍ തന്നെയായി.
ബിനാമിയെ മുന്‍നിര്‍ത്തി രാധാകൃഷ്ണന്‍ ഭൂമി വാങ്ങിയത് സംബന്ധിച്ച് ദേശാഭിമാനിയും ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.