| Tuesday, 13th January 2015, 10:47 pm

ഐടി ആക്റ്റ് പ്രകാരം ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് വിവാദമാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊച്ചി മേയര്‍ ടോണി ചമ്മിണിയ്‌ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ രണ്ട് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ക്കെതിരെ ഐടി ആക്റ്റ് പ്രകാരം കേസെടുത്ത കൊച്ചി പോലീസിന്റെ നടപടി വിവാദമാവുന്നു. മേയറുടെ അധികാര ധൂര്‍ത്തിനെ കുറിച്ച് വാര്‍ത്ത കൊടുത്ത മറുനാടന്‍ മലയാളി, ഇ-വാര്‍ത്ത എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ക്കെതിരെയാണ് പോലീസ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന ഐടി ആക്റ്റ് 66 എ ചുമത്തി കേസെടുത്തത്.

വാര്‍ത്തയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്‌പോസ്റ്റ് ഇട്ട നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

കേസിലുള്‍പ്പെട്ടവര്‍ നിരക്ഷരനും റിപ്പോര്‍ട്ടറും ഒളിവിലാണെന്നും മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ അറസ്റ്റു ചെയ്യപ്പെട്ടും പോലീസ് പത്രക്കുറിപ്പുകള്‍ ഇറക്കിയിരുന്നു. ഈ പത്രക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ മലയാള മനോരമയുള്‍പ്പെടെയുള്ള മുഖ്യധാരാ പത്രങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ആരെങ്കിലും ഒളിവില്‍ പോകുകയോ അറസ്റ്റു ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണ വിധേയരായവര്‍ പറയുന്നത്.

മാലിന്യ സംസ്‌കരണ രീതികള്‍ പഠിക്കുക എന്നപേരില്‍ മൂന്ന് വര്‍ഷത്തിനിടെ 12 തവണ വിദേശയാത്ര നടത്തിയെന്നും എന്നാല്‍ നഗരസഭയില്‍ ഒരു പുതിയ പദ്ധതിയും നടപ്പിലാക്കിയിട്ടില്ല എന്നുമായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. റോഡിന്റെ ശോച്യാവസ്ഥ ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം വിളിച്ചപ്പോള്‍, വേളാങ്കണ്ണിക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് മേയര്‍ മസ്‌കറ്റിലേക്ക് പോയതായും ഈ ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ വാര്‍ത്തകള്‍ക്കെതിരെ കേസെടുക്കാന്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായതായും വാര്‍ത്ത അപകീര്‍ത്തികരമാണെങ്കില്‍ കോടതി വഴി നടപടി സ്വീകരിക്കുന്നതിനു പകരം ഔദ്യോഗിക പദവിയും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ഐ.ടി ആക്ടിലെ 66 എ വകുപ്പ് ദുരുപയോഗം ചെയ്ത് പോലീസിനെക്കൊണ്ട് മേയര്‍ ടോണി ചമ്മിണി എഡിറ്റര്‍മാരെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും കേസിലുള്‍പ്പെട്ട മാധ്യമങ്ങള്‍ ആരോപിക്കുന്നു.

മാധ്യമ പ്രവര്‍ത്തനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന അധികാര ദുര്‍വിനിയോഗമാണ് ഇത് എന്ന് ഇ-വാര്‍ത്ത എഡിറ്റര്‍ അല്‍ അമീന്‍  ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“മാധ്യമ പ്രവര്‍ത്തനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന അധികാര ദുര്‍വിനിയോഗമാണ് ഇത്. ഇ-വാര്‍ത്തയുടെ ഓഫീസില്‍ ഒരു റെയ്ഡും നടത്തിയിട്ടില്ല. അവര്‍ ഒരു രേഖകളും കൊണ്ടു പോയിട്ടുമില്ല . എന്നിട്ട് ഏതോ ഒരു ഭീകരനെ അറസ്റ്റ് ചെയ്തപോലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ഇതൊരു ഭീഷണിപ്പെടുത്തലാണ്. മറ്റുള്ള മാധ്യമങ്ങള്‍ എതിരെ വന്നു കഴിഞ്ഞാല്‍ ഇതു തന്നെയാണ് അവസ്ഥ എന്ന് കാണിക്കാനുള്ള ഭീഷണിപ്പെടുത്തല്‍”. അല്‍ അമീന്‍ പറഞ്ഞു.

ഐടി ആക്ട് 66 എ പ്രകാരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ് എടുത്തത് ശരിയായില്ലന്നും അതിനൊരു പുതിയ നിയമ നിര്‍മ്മാണം വരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ടോണി ചമ്മണിക്കെതിരെ വ്യക്തിഹത്യാ പരമായി ഒന്നും പറഞ്ഞിട്ടില്ല എന്നും ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ പേരില്‍ ഒരു ഫേസ് ബുക്ക് പോസ്റ്റ് മാത്രമാണ് നല്‍കിയതെന്നും. വാര്‍ത്തയുടെ പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കേസില്‍ ഉള്‍പ്പെട്ട നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ടോണി ചമ്മിണിയുമായി എനിക്ക് ഇതിനു മുമ്പോ ഇപ്പോഴോ വ്യക്തിപരമായോ പാര്‍ട്ടിപരമായോ വൈരാഗ്യമില്ല. മറ്റേതൊരു ഭരണാധികാരിയായിരുന്നെങ്കിലും ഞാന്‍ ഇതപോലെത്തന്നെയായിരിക്കും പ്രതികരിക്കുക. വ്യക്തിഹത്യാപരമായി ഞാനൊന്നും പറഞ്ഞിട്ടുമില്ല. പോലീസ് വിളിച്ചതു പ്രകാരം സി.ഐ ഓഫീസില്‍ ചെന്ന് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ഒരു മാസത്തിനു ശേഷം ഞാന്‍ കേള്‍ക്കുന്നത് പോലീസ് എന്നെ തിരയുന്നു എന്ന വാര്‍ത്തയാണ്.”

“പക്ഷെ യഥാര്‍ത്ഥത്തില്‍ എന്റെ പേരില്‍ ടോണി ചമ്മണി നല്‍കിയിരുന്ന കേസ് പിന്‍വലിച്ചിരുന്നു. എന്നെ കുറിച്ച് വളച്ചൊടിച്ച വാര്‍ത്തയാണ് പത്രത്തില്‍ വരുന്നത്. വിദേശയാത്ര നടത്തിയ ചമ്മണിയ്‌ക്കെതിരെ വാര്‍ത്തകള്‍ വരുന്നതിനു പകരം വാര്‍ത്തകള്‍ നല്‍കിയ പത്രപ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌തെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ട എന്നെയും മറ്റൊരാളെയും പോലീസ് തിരയുന്നു എന്നും വളച്ചൊടിച്ചാണ് വാര്‍ത്തവന്നത്.”  മനോജ് പറഞ്ഞു.

അതേസമയം പോലീസ് നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നു കയറ്റവുമാണെന്ന് ഡിജിറ്റല്‍ ന്യൂസ് മീഡിയ ഫെഡറേഷന്‍ പ്രസിഡന്റ് പി.വി.മുരുകനും സെക്രട്ടറി എസ്. സുള്‍ഫിക്കറും ആരോപിച്ചു.

അച്ചടി മാധ്യമങ്ങളുടെ കാര്യത്തില്‍ കോടതി വഴി നിയമ നടപടി സ്വീകരിക്കുകയാണ് ചെയ്യാറുള്ളത് . എന്നാല്‍ ഇന്റര്‍നെറ്റില്‍ ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാന്‍ കൊണ്ടു വന്ന നിയമം സത്യസന്ധമായി വാര്‍ത്ത നല്‍കുന്ന ഓണ്‍ലൈന്‍ പത്രങ്ങളുടെ വായ് മൂടിക്കെട്ടാന്‍ ഉപയോഗിച്ച നടപടി നവമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അഭിപ്രായ പ്രകടനത്തെ വിലക്കുന്നതുമാണെന്ന് ഡിജിറ്റല്‍ ന്യൂസ് മീഡിയ ഫെഡറേഷന്‍ ആരോപിച്ചു.

വാര്‍ത്ത വ്യാജമാണെങ്കില്‍ നിയമ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ഈ പത്രങ്ങള്‍ക്കെതിരെ എടുത്ത കേസ് എത്രയും വേഗം പിന്‍വലിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു

Video Stories

We use cookies to give you the best possible experience. Learn more