തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ഒരുപോലെ അഭിനയിക്കുന്ന നടിയാണ് ഐശ്വര്യ മേനോന്‍. 2012ല്‍ ബാലാജി മോഹന്‍ സംവിധാനം ചെയ്ത കാതലില്‍ സോദപ്പുവതു യെപ്പടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
2016ല്‍ പുറത്തിറങ്ങിയ മണ്‍സൂണ്‍ മാംഗോസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളത്തില്‍ എത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം മികച്ച സിനിമകളുടെ ഭാഗമായ നടി രണ്ടാമതായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ബസൂക്ക.
മമ്മൂട്ടി നായകനാകുന്ന ഈ സിനിമയില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ മേനോന്‍.
‘എനിക്ക് ഗൗതം സാറിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഉണ്ടായിരുന്നില്ല. പക്ഷെ പേഴ്‌സണലി എനിക്ക് അറിയുന്ന ആളാണ് അദ്ദേഹം. വളരെ ബ്രില്യന്റായ ഒരു സംവിധായകനാണ്. അത് നമുക്കെല്ലാം അറിയുന്ന കാര്യമാണ്.
എല്ലാവര്‍ക്കും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള സംവിധായകനാണ് അദ്ദേഹം. പ്രത്യേകിച്ച് ഗേള്‍സിന് കൂടെ വര്‍ക്ക് ചെയ്യാന്‍ ഏറെ ആഗ്രഹമുള്ള സംവിധായകനാണ് ഗൗതം സാര്‍.
അദ്ദേഹം നായികമാരെ കാണിക്കുന്ന രീതി നമുക്കെല്ലാം ഇഷ്ടമാണ്. എന്ത് ഭംഗിയായിട്ടാണ് അദ്ദേഹം തന്റെ നായികമാരെ സിനിമയില്‍ കാണിക്കുന്നത്. നടന്‍ എന്ന നിലയിലും അദ്ദേഹം മികച്ച ആള് തന്നെയാണ്.
അത് നമുക്ക് ബസൂക്ക എന്ന സിനിമയുടെ ട്രെയ്‌ലറില്‍ തന്നെ കാണാനാകും. നമ്മുടെ ട്രെയ്‌ലര്‍ തുടങ്ങുന്നത് തന്നെ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ നിന്നാണല്ലോ,’ ഐശ്വര്യ മേനോന്‍ പറയുന്നു.
ബസൂക്ക:
തിരക്കഥാരചയിതാവ് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ബെഞ്ചമിന്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടി, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ക്ക് പുറമെ ഐശ്വര്യ മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Iswarya Menon Talks About Gautham Vasudev Menon