മാക്രോണ്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ്; ഒപ്പം എര്‍ദൊഗാനും ഖത്തറും; ഫ്രാന്‍സ് വിഷയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ
national news
മാക്രോണ്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ്; ഒപ്പം എര്‍ദൊഗാനും ഖത്തറും; ഫ്രാന്‍സ് വിഷയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th October 2020, 3:54 pm

ന്യൂദല്‍ഹി: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയയിലും ഇതിന്റെ അലയൊലികള്‍.

ഇന്ത്യന്‍ സോഷ്യല്‍ മീഡിയകളില്‍ നിന്നും ഫ്രാന്‍സിന് വലിയ തരത്തിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ഐ സ്റ്റാന്റ് വിത്ത് ഫ്രാന്‍സ് എന്ന ഹാഷ്ടാഗ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രാണിന്റെ ചിത്രം പങ്കു വെച്ചുകൊണ്ടാണ് ട്വീറ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.

 

അതേസമയം വിദ്വേഷ പ്രചരണമടങ്ങുന്നതാണ് ട്വീറ്റുകളില്‍ ചിലത്‌. മുസ്‌ലിം വിരുദ്ധത, വ്യക്തിപരമായ ആക്രമണങ്ങള്‍ എന്നിവ ചില ട്വീറ്റിലുണ്ട്.

 

കേരളത്തിലുള്‍പ്പെടെ ഫ്രാന്‍സ് വിഷയത്തിനു പിന്നാലെ തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനും ഖത്തര്‍ ഉള്‍പ്പെടയുള്ള അറബ് രാജ്യങ്ങളും വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പ്രവാചക നിന്ദയുടെ പേരില്‍ അറബ് രാജ്യങ്ങളില്‍ ഫ്രാന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചത്്, എര്‍ദൊഗാന്‍ ഫ്രാന്‍സിനെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തിയത്, കാര്‍ട്ടൂണിനെ സൗദി അപലപിച്ചത്, മുസ്‌ലിം രാജ്യങ്ങളില്‍ നടക്കുന്ന പ്രതിഷേധം എന്നിവയെല്ലാം വലിയരീതിയില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ചിലര്‍ അറബ് രാജ്യങ്ങളെയും എര്‍ദൊഗാനെയും പിന്തുണച്ചപ്പോള്‍ ചിലര്‍ ഈ നീക്കത്തെ വിമര്‍ശിച്ചു കൊണ്ടു രംഗത്തു വന്നു.  ബഹിഷ്‌കരണാഹ്വാനത്തെ അനുകൂലിക്കുന്നവര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

അതേസമയം മതേതരത്വം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ മുന്‍നിര്‍ത്തിയുള്ള ക്രിയാത്മകമായ ചര്‍ച്ചകളല്ല സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്നും പരസ്പര വിദ്വേഷ പ്രചരണമാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: #IStandWithFrance trends in India amid outrage in Muslim world