| Saturday, 17th August 2019, 7:33 pm

ഇറാനിയന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കണമെന്ന് അമേരിക്ക; ഫെഡറല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ്-1 വിട്ടയക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെ കപ്പല്‍ പിടിച്ചെടുക്കാന്‍ വാറണ്ട് പുറപ്പെടുവിച്ച് യു.എസ് നീതി വകുപ്പ്. വാഷിംങ് ടണിലെ യു.എസ് ഫെഡറല്‍ കോടതിയാണ് വെള്ളിയാഴ്ച്ച വാറണ്ട് പുറപ്പെടുവിച്ചത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനാണ് നിര്‍ദേശം.

കപ്പല്‍ രാജ്യാന്തര സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചുവെന്നും അതിലെ കക്ഷികള്‍ക്ക് ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുണ്ടെന്നും വാറണ്ടില്‍ പറയുന്നു. വിദേശ ഭീകരസംഘടനയായാണ് ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡിനെ അമേരിക്ക കാണുന്നത്.

ജൂലൈ നാലിനാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഗ്രേസ് 1 എണ്ണക്കപ്പല്‍ ബ്രിട്ടന്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് പിടിച്ചെടുത്തത്. ബ്രിട്ടന്റെ നടപടിക്കു പിന്നാലെ ബ്രിട്ടിഷ് കപ്പലായ സ്റ്റെന ഇംപറോ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അമേരിക്കയുടെ എതിര്‍പ്പ് നിലനില്‍ക്കേ ആയിരുന്നു ജിബ്രാള്‍ട്ടര്‍ കോടതി കപ്പല്‍ വിട്ടയക്കാന്‍ ഉത്തരവിട്ടത്. അതിന് മുന്‍പ്
ഗ്രേസ് വണ്‍ എണ്ണകപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ബ്രിട്ടണ്‍ വൈകിട്ട് അറിയിച്ചിരുന്നു.

അമേരിക്കയുടെ എതിര്‍പ്പുള്ളതിനാല്‍ ജീവനക്കാരെ വിട്ടയക്കുമെങ്കിലും കപ്പല്‍ കസ്റ്റഡിയില്‍ തുടരാനാണ് സാധ്യതയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. പിന്നീടാണ് കപ്പലും വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടതായ വാര്‍ത്ത പുറത്തുവന്നത്. ഇറാനുമായി വ്യാപാര ബന്ധത്തില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കപ്പല്‍ മോചിപ്പിക്കരുതെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

We use cookies to give you the best possible experience. Learn more