| Sunday, 12th September 2021, 10:55 pm

ഹരിത പുനസംഘടനയ്ക്ക് പിന്നാലെ പൊട്ടിത്തെറി; വയനാട്ടിലെയും കാസര്‍ഗോഡിലെയും ഹരിത പ്രസിഡന്റുമാര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട് പുതിയ കമ്മറ്റി രൂപീകരിച്ചതിനെതിരെ പ്രതിഷേധിച്ച് ഹരിതയില്‍ രാജി. ഹരിത കാസര്‍ഗോഡ് വയനാട് ജില്ലകളിലെ പ്രസിഡന്റുമാരാണ് രാജി വെച്ചത്.

വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിനും കാസര്‍കോട് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുല്ലയുമാണ് രാജി നല്‍കിയത്. നേരത്തെ ലൈംഗീകാധിക്ഷേപ പരാതിയില്‍ നടപടിയെടുക്കണമെന്ന് കാണിച്ച് എം.എസ്.എഫിലും രാജി ഉണ്ടായിരുന്നു.

പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റിക്ക് പകരം ഞായറാഴ്ചയാണ് പുതിയ സംസ്ഥാന കമ്മറ്റി ലീഗ് പ്രഖ്യാപിച്ചത്. ലീഗ് സെക്രട്ടറി പി.എം.എ. സലാമാണ് ഹരിതയുടെ പുതിയ കമ്മറ്റി പ്രഖ്യാപിച്ചത്.

പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റിയില്‍ ട്രഷററായിരുന്ന പി.എച്ച്. ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ അധ്യക്ഷ. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയുമാണ് തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി നജ്‌വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസര്‍ഗോഡ്), അയ്ഷ മറിയം (പാലക്കാട്) എന്നിവരെയും സെക്രട്ടറിമാരായി അഫ്ഷില (കോഴിക്കോട്), ഫായിസ എസ്. (തിരുവനന്തപുരം), അഖീല ഫര്‍സാന (എറണാകുളം) എന്നിവരെയും നിയമിച്ചു.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത റുമൈസ റഫീഖ് നേരത്തെ ജില്ല ഭാരവാഹിയായിരുന്നു. എം.എസ്.എഫ് അധ്യക്ഷനടക്കമുള്ളവര്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ ട്രഷററായിരുന്ന പി.എച്ച് ആയിഷ ബാനു ഒപ്പ് വെച്ചിരുന്നില്ല.

അധ്യക്ഷന്‍ പി.കെ. നവാസിനും നേതൃത്വത്തിനും അനുകൂല നിലപാട് ആയിരുന്നു ആയിഷ സ്വീകരിച്ചിരുന്നത്. അതേസമയം ഹരിത – എം.എസ്.എഫ് വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പി.എം.എ. സലാം വീണ്ടും ആരോപിച്ചു.

ഹരിത ഭാരവാഹികള്‍ക്ക് നിഗൂഡമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ഗ്രൂപിസമാണെന്നും സലാം ആരോപിച്ചു.

ഹരിത തര്‍ക്കത്തിന് കാരണം നവാസിന്റെ പരാമര്‍ശങ്ങളല്ല. തര്‍ക്കം മുമ്പ് തന്നെ തുടങ്ങി, നവാസിന്റെ വാക്കുകള്‍ വീണ് കിട്ടിയത് ഹരിതാ നേതാക്കള്‍ ആയുധമാക്കുകയായിരുന്നെന്നും സലാം ആരോപിച്ചു.

അവര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ പാര്‍ട്ടിയിലാണ് പറയേണ്ടത്. നേതൃത്വത്തെ അറിയിക്കേണ്ടതിന് പകരം ചാനലുകളെ ആണ് അറിയിച്ചിരുന്നത്. നാല് വര്‍ഷമായി ഹരിതയുടെ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ നവാസിനെതിരായ പരാതിയില്‍ ഒപ്പിട്ടിരുന്നെന്നും സലാം ആരോപിച്ചു.

അതേസമയം ഹരിത പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത അംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിഷയത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു പരാതി നല്‍കിയ ഹരിതയുടെ ഭാരവാഹികളായിരുന്നവര്‍ പറഞ്ഞത്.

വനിത കമ്മിഷനില്‍ നല്‍കിയ പരാതി ഒരുകാരണവശാലും പിന്‍വലിക്കില്ലെന്നാണ് ഹരിത മുന്‍ നേതാക്കളുടെ നിലപാട്.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.

വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

ഇതിനെ തുടര്‍ന്ന് പി.കെ. നവാസ് അടക്കമുള്ള നേതാക്കള്‍ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ലീഗില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതാക്കള്‍ നിലപാട് എടുക്കുകയും ചെയ്തിരുന്നു. പി.കെ. നവാസിന്റെത് ഖേദപ്രകടനമല്ലെന്നും നടപടി ഖേദപ്രകടനത്തില്‍ ഒതുക്കിയാല്‍ പോരെന്നുമാണ് ഹരിതയെടുക്കുന്ന നിലപാട്.

എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഹരിത, വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഹരിത ഇതിന് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കള്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

issues in Haritha reorganization, Wayanad and Kasaragod Presidents have resigned

Latest Stories

We use cookies to give you the best possible experience. Learn more