| Friday, 21st June 2024, 11:19 am

ഗസയുദ്ധം; ഇസ്രഈൽ സർക്കാരും സൈന്യവും തമ്മിൽ തർക്കം രൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈൽ സർക്കാരും സൈന്യവും തമ്മിൽ തർക്കം രൂക്ഷം. ഇസ്രഈൽ ഗസയിൽ നടത്തുന്ന വംശീയാതിക്രമത്തിൽ സർക്കാർ എടുക്കുന്ന തീരുമാനവും മിലിറ്ററി സേനയുടെ നിലപാടുകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് രൂക്ഷമായിരിക്കുന്നത്.

തന്ത്രപരമായ വെടി നിർത്തലിനെ സേന അംഗീകരിക്കുമ്പോഴും ഹമാസിനെ പൂർണമായി ഇല്ലാതാക്കിയിട്ടേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഇസ്രഈൽ സർക്കാർ. ഹമാസിനെ പൂർണമായി ഇല്ലാതാക്കിയാലേ തങ്ങൾ ലക്ഷ്യം കൈവരിക്കൂ എന്നാണ് ഇസ്രഈൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറയുന്നത്.

ഒൻപത് മാസമായി തുടരുന്ന യുദ്ധം സർക്കാറിനുള്ളിലെ നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബന്ദികളെ മുഴുവൻ മോചിപ്പിക്കാനാവാത്തതും നേതാക്കളെ ആശങ്കപ്പെടുത്തുന്നു.

യുദ്ധത്തിന് ശേഷം എന്ത് എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുക്കാനും, പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും സർക്കാരിന് സാധിക്കാത്തതും, വിമർശനത്തിന് ഇടയാക്കുന്നു.

ഇസ്രഈലിലെ ജനങ്ങൾ യുദ്ധത്തെ പിന്തുണക്കുന്നുണ്ടെങ്കിലും അനിശ്ചിതകാലമായി യുദ്ധം നീണ്ടു പോകുന്നത് ആളുകൾക്കിടയിൽ അസ്വസ്ഥത വർധിപ്പിക്കുന്നുവെന്ന സൂചനകളുമുണ്ട്.

ഇത് കൂടാതെ ഹിസ്ബുല്ലക്കെതിരെ യുദ്ധം വ്യാപിച്ചാൽ ഇസ്രഈലിലെയും യൂറോപ്യൻ യൂണിയൻ അംഗമായ സിപ്രാസിലെയും ഒരു സ്ഥലവും സുരക്ഷിതമായിരിക്കില്ലെന്ന് ലബനനിലെ ഹിസ്ബുള്ള തലവൻ സയീദ് ഹസൻ നസ്രല്ല മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രഈലിലെ പ്രധാന സൈനിക കേന്ദ്രങ്ങളുടെ ഡ്രോൺ ചിത്രങ്ങൾ ഹിസ്‌ബുല്ല പുറത്തു വീട്ടിരുന്നു.

കഴിഞ്ഞ ഒൻപതു മാസത്തിനിടെ തുടരുന്ന യുദ്ധത്തിൽ ഇതുവരെ മരിച്ചത് 37431 ഫലസ്തീൻകാരാണ്. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. തെക്കൻ ഗസയിൽ സഹായവുമായി എത്തുന്ന ട്രക്കുകൾ കാത്തുനിന്നവർക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ ഒൻപത് പേർ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.

ഗസയിൽ മരിച്ചു കൊണ്ടിരിക്കുന്ന സാധാരണക്കാരുടെ എണ്ണം വർധിച്ചു വരികയാണ്. ലോക രാഷ്ട്രങ്ങൾ ഇസ്രഈലിന് വെടിനിർത്തലിന് സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഹമാസിനെ പൂർണമായി ഇല്ലാതാക്കിയിട്ടേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഇസ്രഈൽ.

Content Highlight: Issues between the Israel Government and the  Army

We use cookies to give you the best possible experience. Learn more