| Friday, 21st August 2020, 11:52 pm

പരസ്പരം അടുക്കാതെ രാജകുമാരിമാര്‍; മേഗനും കെയ്റ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രിട്ടീഷ് രാജകുമാരനായ ഹാരിയും ഭാര്യ മേഗന്‍ മെര്‍ക്കലും രാജകുടുംബത്തില്‍ നിന്നും അമേരിക്കയിലേക്ക് താമസം മാറിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എല്ലാ രാജകീയ ചുമതലകളില്‍ നിന്നുമുള്ള ഇരുവരുടെയും പിന്‍മാറ്റം വലിയ കോളിളക്കമാണ് രാജകുടുംബത്തില്‍ സൃഷ്ടിച്ചത്.

ഇപ്പോള്‍ രാജകുടുംബത്തിനുള്ളിലെ ജീവിതത്തിനിടയില്‍ മേഗനും ഹാരി രാജകുമാരന്റെ ജേഷ്ഠന്‍ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍റ്റനും തമ്മില്‍ ഉടലെടുത്ത അകല്‍ച്ചയെ പറ്റിയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

രാജകുടുംബവുമായി അടുത്തു നില്‍ക്കുന്ന റോയല്‍ എക്‌സ്‌പേര്‍ട്ട് കാറ്റി നിക്കോള്‍ ആണ് ചാനല്‍ 5 ല്‍ വന്ന ഡോക്യുമെന്ററിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാജകുടുംബത്തിലേക്കെത്തിയെ ദിവസങ്ങളില്‍ കെയ്റ്റില്‍ നിന്നും ചില കാര്യങ്ങളില്‍ പിന്തുണയും സഹകരണവും മേഗന്‍ പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ ഒരുപാട് തിരക്കുകളുള്ള കെയ്റ്റ് ഇത്തരത്തിലൊരു സമീപനമായിരുന്നില്ല മേഗനോട് പുലര്‍ത്തിയിരുന്നതെന്നുമാണ് ഇവര്‍ ഡോക്യുമെന്ററിയില്‍ പറയുന്നത്. കെയ്റ്റിന്റെ ഈ രീതി വളരെ വ്യക്തിപരമായാണ് മേഗന്‍ എടുത്തതെന്നും ഇവര്‍ പറഞ്ഞു.

മേഗനും കെയ്റ്റും തമ്മില്‍ രാജകുടുംബത്തില്‍ വ്യക്തിപരമായി അകല്‍ച്ചയുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മേഗന്റെയും ഹാരിയുടെ രാജകുടുംബത്തിലെ ജീവിതം വിവരിക്കുന്ന ഫൈന്‍ഡിംഗ് ഫ്രീഡം മേഗന്‍ ആന്റ് ഹാരി എന്ന പുസ്തകത്തില്‍ ഇതു സംബന്ധിച്ചുള്ള സൂചനകള്‍ ഉണ്ട്. മേഗന്റെ ഭാഗത്തു നിന്നും സൗഹൃദത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് ഫലം കണ്ടില്ലെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

പരസ്പരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇരുവര്‍ക്കുമിടയിലുള്ള ഭിന്നതകള്‍ പരസ്യമായിരുന്നെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ലണ്ടനില്‍ ഒരേ സ്ഥലത്തേക്ക് ഷോപ്പിംഗിനു പോവുകയാണെങ്കിലും കെയ്റ്റ് മിഡില്‍റ്റണ്‍ മേഗനോടൊപ്പമല്ലാതെ തന്റെ സ്വന്തം കാറില്‍ പോവുകയായിരുന്നെന്ന് പുസ്തകത്തില്‍ പറയുന്നു.

ബ്രിട്ടനിലെ മാധ്യമങ്ങളും ഇരുവരോടും പക്ഷപാതമായിട്ടായിരുന്നു പെരുമാറിയതെന്ന് ജനുവരിയില്‍ ഇറങ്ങിയ സര്‍വേയില്‍ വ്യക്തമായിരുന്നു.

അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ നടത്തിയ പഠനത്തില്‍ 2018 മുതല്‍ 14 ന്യൂസ് പേപ്പറുകളിലായി വന്ന 843 ആര്‍ട്ടിക്കിളുകളില്‍ 43 ശതമാനവും മേഗനെതിരായിട്ടുള്ളതായിരുന്നു. 20 ശതമാനം ആര്‍ട്ടിക്കിളുകള്‍ മോഗനെ പിന്തുണയ്ക്കുന്നതും 36 ശതമാനം നിഷ്പക്ഷവുമായിരുന്നു.

ഇതോടൊപ്പം തന്നെ കെയ്റ്റ് മിഡില്‍റ്റനെക്കാളും കൂടുതല്‍ മാധ്യമങ്ങള്‍ മേഗനെ വിമര്‍ശിച്ചിരുന്നു എന്നും സര്‍വ്വേയില്‍ കണ്ടെത്തി. മേഗനു നേരെ വരുന്ന ആക്രമണങ്ങളില്‍ പലതും വംശീയവും വ്യക്തി ജീവിതത്തില്‍ കടന്നു കയറുന്നതുമായിരുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയ മേഗനു നേരെ നിരന്തരം ടാബ്ലോയിഡ് പത്രങ്ങളുടെ ആക്രമണങ്ങള്‍ വന്നിരുന്നു. വിവാഹ മോചിത, ആഫ്രിക്കന്‍ പാരമ്പര്യം,ബ്രിട്ടീഷ് കുടുംബത്തില്‍ നിന്നും പുറത്തുള്ള ആള്‍, ഹാരിയെക്കാളും മൂന്നു വയസ്സു കൂടുതല്‍, അഭിനേത്രി, മേഗനും പിതാവും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയ കാരണങ്ങള്‍ മേഗനെതിരെ ഈ മാധ്യമങ്ങള്‍ ആയുധമാക്കി. ഒരു ഘട്ടത്തില്‍ ഹാരി മാധ്യമങ്ങളുടെ ആക്രമണത്തിനെതിരെ ക്ഷുഭിതനാവുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more