| Thursday, 13th October 2022, 5:17 pm

കളിക്കാരോട് കലിപ്പിട്ട് കോച്ച്, കോച്ചിനോട് ചൂടായി ക്ലബ്ബ്, ക്ലബ്ബിനോട് ഇടഞ്ഞ് ആരാധകര്‍; തിളച്ചുമറിഞ്ഞ് ബാഴ്‌സ

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണക്ക് ഇത് കഷ്ടകാലമാണ്. ഇന്റര്‍ മിലാനുമായി കിണഞ്ഞു പരിശ്രമിച്ച് ഒരു സമനില ഒപ്പിച്ചെടുത്താണ് ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ ക്ലബ്ബ് നിലനിര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മാച്ചില്‍ കറ്റാലന്‍സിന് വിജയം അനിവാര്യമായിരുന്നെങ്കിലും 3-3 സമനിലയില്‍ പിടിക്കാനേ സൂപ്പര്‍ ടീമിന് കഴിഞ്ഞുള്ളു. അതും അവസാന സമയത്തെ ലെവന്‍ഡോസ്‌കിയുടെ ഗോളാണ് ടീമിനെ തലനാരിഴക്ക് രക്ഷപ്പെടുത്തിയത്.

ഒസ്മാനേ ഡെംബാലേയിലൂടെ ഹാഫ് ടൈമിന് തൊട്ടുമുമ്പ് 40ാം മിനിട്ടില്‍ ബാഴ്‌സയായിരുന്നു ആദ്യം ഗോള്‍ നേടിയത്. ഹാഫ് ടൈമില്‍ പന്ത് കയ്യില്‍ വെച്ചും ഗോളിനുള്ള അവസരങ്ങള്‍ തുറന്നും തരക്കേടില്ലാത്ത രീതിയിലായിരുന്നു കറ്റാലന്‍സിന്റെ കളി.

പക്ഷെ ഹാഫ് ടൈം കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ കൈവിട്ടുപോയി. ബാഴ്‌സയുടെ പ്രതിരോധനിരയെ നോക്കുകുത്തികളാക്കി ഇന്റര്‍ മിലാന്‍ കയറി കളിച്ചു. നിക്കോള ബാരല്ലയും ലൗട്ടാരോ മാര്‍ട്ടിനസും ഗോളടിച്ചു. ഇതിനിടയില്‍ 82ാം മിനിട്ടില്‍ ലെവന്‍ഡോസ്‌കി ഇന്റര്‍ മിലാന്റെ ഗോള്‍ വല കുലുക്കി.

ഇങ്ങനെ 2-2ല്‍ കളി നില്‍ക്കുന്നതിനിടയില്‍ 89ാം മിനിട്ടില്‍ റോബിന്‍ ഗോസന്‍സ് ബാഴ്‌സയുടെ പ്രതിരോധനിരയെ തകര്‍ത്ത് പന്ത് പായിച്ചു മിലാനെ ഒരു പടി മുന്നിലെത്തിച്ചു.

തോല്‍വി ഉറപ്പിച്ച നിലയിലായിരുന്നു ബാഴ്‌സ. എന്നാല്‍ എക്‌സ്ട്രാ ടൈമിലെ രണ്ടാം മിനിട്ടില്‍ ലെവന്‍ഡോസ്‌കിയുടെ ആശ്വാസ ഗോളെത്തി. പിന്നീട് വിസില്‍ മുഴുങ്ങുന്നതിന് മുമ്പ് ഒരു തിരിച്ചടി നടത്താന്‍ മിലാന് കഴിഞ്ഞില്ല. അങ്ങനെ ഒടുവില്‍ 3-3ല്‍ മാച്ച് അവസാനിച്ചു.

കളി കാണുന്നവര്‍ക്ക് ചെറുതല്ലാത്ത ആവേശം സമ്മാനിച്ചെങ്കിലും ബാഴ്‌സ ക്യാമ്പിന് ഈ സമനില പരാജയത്തിന് തുല്യം തന്നെയായിരുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പണം വാരിയെറിഞ്ഞാണ് ബാഴ്‌സ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയടക്കം പലരെയും ടീമിലെത്തിച്ചത്. എന്നിട്ടും നിര്‍ണായക മത്സരങ്ങളില്‍ ടീം അടി പതറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

ബാഴ്‌സക്ക് നോക്കൗട്ടിലേക്ക് കടന്നുകൂടണമെങ്കില്‍ കഴിഞ്ഞ മാച്ചില്‍ ജയിക്കുകയും പോയിന്റ് നിലയില്‍ മിലാനെ മറികടക്കുകയും വേണമായിരുന്നു. അതുണ്ടാകാത്തത് ക്ലബ് മാനേജ്‌മെന്റിനെ കലിപ്പിലാക്കിയിട്ടുണ്ടെന്നാണ് ബാഴ്‌സലോണയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാവിക്കെതിരെ ക്ലബ് പ്രസിഡന്റ് രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ത്തിയെന്നും ദേഷ്യപ്പെട്ടെന്നുമാണ് മാധ്യമപ്രവര്‍ത്തകനായ ജൊവാന്‍ വെഹില്‍സ് പറയുന്നതെന്ന് ബാഴ്‌സ് യൂണിവേഴ്‌സല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ വീണ്ടും ക്ലബിനെ എലിമിനേഷന്റെ വക്കിലെത്തിച്ച സാവിയുടെ ടീമിന്റെ പെര്‍ഫോമന്‍സില്‍ ജോണ്‍ ലപോര്‍ട്ട് വളരെ നിരാശനാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ലാപോര്‍ട്ട് സാവിയോട് കടുത്ത ഭാഷയില്‍ സംസാരിച്ചുവെന്നും പറയുന്നു.

ഇത് മാത്രമല്ല, മാച്ചിന് ശേഷം കളിക്കാരോട് സാവിയും രോഷാകുലനായി എന്നും റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയയിലാണെങ്കില്‍ ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളുമായാണ് ആരാധകരെത്തുന്നത്.

മൊത്തത്തില്‍ ക്യാമ്പ് നൗവില്‍ കാര്യങ്ങള്‍ തിളച്ചുമറിയുന്ന അവസ്ഥയിലാണെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളിലെയും സൂചന. സൂപ്പര്‍താരങ്ങളടക്കം പലരും ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുറത്ത് പോകാനുള്ള സാധ്യതകളും ഉയരുന്നുണ്ട്.

അതേസമയം, ഗ്രൂപ്പ് സിയിലെ വരാന്‍ പോകുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ഇനി ബാഴ്‌സക്ക് നോക്കൗട്ടിലെത്താന്‍ സാധിക്കൂ. അതായത് ബയേണ്‍ മ്യൂണികിനെയും വിക്ടോറിയ പ്ലസാനിയെയും തോല്‍പ്പിക്കണം. കൂടാതെ ഇന്റര്‍ മിലാന്‍ ചില കളികളില്‍ തോറ്റ് പോയിന്റ് നിലയില്‍ കുറെ പിന്നോട്ട് പോകുകയും വേണം. ബാഴ്‌സയുടെ നിലവിലെ പെര്‍ഫോമന്‍സ് വെച്ച് ഇതൊന്നും അത്ര എളുപ്പമാകില്ല.

Content Highlight: Issues arises in Barcelona

We use cookies to give you the best possible experience. Learn more