national news
ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ത്തു; സ്പേഡെക്‌സ് പരീക്ഷണത്തില്‍ വിജയിച്ച് ഐ.എസ്.ആര്‍.ഒ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 16, 03:53 am
Thursday, 16th January 2025, 9:23 am
സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്ന നാലാം രാജ്യമാണ് ഇന്ത്യ

ന്യൂദല്‍ഹി: സ്പേഡെക്‌സ് പരീക്ഷണത്തില്‍ ചരിത്രം കുറിച്ച് (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) ഐ.എസ്.ആര്‍.ഒ.

ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്‌പേസ് ഡോക്കിങ് പരീക്ഷണം ഐ.എസ്.ആര്‍.ഒ പൂര്‍ത്തിയാക്കി. നാലാംഘട്ട പരീക്ഷണത്തിലാണ് പരീക്ഷണം വിജയിച്ചത്. അതേസമയം ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്ന നാലാം രാജ്യമാണ് ഇന്ത്യ. നേരത്തെ നാസ, യു.എസ്.എസ്.ആര്‍, ചൈന എന്നീ രാജ്യങ്ങളാണ് സാങ്കേതിക വികസിപ്പിച്ചത്.

2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പി.എസ്.എല്‍.വി സി60 റോക്കറ്റിലാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.

എസ്.ഡി.എക്‌സ് 01 (ചാസര്‍), എസ്.ഡി.എക്സ് 02 (ടാര്‍ഗറ്റ്) എന്നീ രണ്ട് ചെറിയ ഉപഗ്രഹങ്ങളെയാണ് സ്‌പേസ് ഡോക്കിങ്ങിനായി ഐ.എസ്.ആര്‍.ഒ വിധേയമാക്കിയത്.

ജനുവരി 12ന് ഉപഗ്രഹങ്ങളെ മൂന്ന് മീറ്ററിനുള്ളില്‍ കൊണ്ടുവന്ന് ഡാറ്റ വിശകലനം ചെയ്യുന്ന പരീക്ഷണത്തില്‍ ഐ.എസ്.ആര്‍.ഒ വിജയിച്ചിരുന്നു. 220 കിലോഗ്രാം തൂക്കമുള്ള ഉപഗ്രഹങ്ങളാണ് പരീക്ഷണത്തിന് വിധേയമായത്.

ജനുവരി ആറിന് ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഐ.എസ്.ആര്‍.ഒ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം ഒമ്പതാം തീയതയിലേക്ക് നീട്ടിവെക്കുകയായിരുന്നു.

ഒമ്പതിന് ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക തടസം നേരിട്ടിരുന്നു.

തുടര്‍ന്ന് 11ന് നടന്ന മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഉപഗ്രഹങ്ങളെ എത്തിക്കുകയും ചെയ്തിരുന്നു.

പിന്നാലെ ഇന്ന് (വ്യാഴം) രാവിലെയോടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം പൂര്‍ത്തിയാക്കിയത്.

Content Highlight: ISRO wins Spadex test